മലപ്പുറം: സ്വര്‍ണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്ക് വ്യക്തമായിട്ടും നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി. കള്ളക്കടത്തിനു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നത് മറനീക്കി പുറത്തുവന്ന കാര്യമാണ്. സംസ്ഥാന ഭരണ സംവിധാനത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കുന്ന സാഹചര്യം ഈ കേസ് സൃഷ്ടിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുഖ്യമന്ത്രി ഉള്‍പെടെയുള്ള മന്ത്രിമാര്‍ക്കും ഇതില്‍ വ്യക്തമായ പങ്കുണ്ട്.
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം. സത്യസന്ധമായ അന്വേഷണത്തിന് കുറ്റാരോപിതരെ സർവിസില്‍ നിന്ന് പുറത്താക്കണം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍കോളുകള്‍ സംബന്ധിച്ചുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു മന്ത്രിയുടെ ഒരു മാസത്തെ കോള്‍ലിസ്റ്റ് മാത്രമാണ് പുറത്തായത്.
കിറ്റു വിതരണമെല്ലാം ദുരൂഹത നിറഞ്ഞതാണ്. റമദാന് പ്രത്യേക സമയത്താണ്. കിറ്റ് വിതരണവും ആ സമയത്താണ് നടക്കുന്നത്. മന്ത്രിയുടെ താൽക്കാലിക വിശദീകരണംകൊണ്ട് മാത്രം ഇതില്‍ നിന്ന് രക്ഷപ്പെടാനാവില്ല. പ്രതികളിലൊരാൾ തെൻറ ബന്ധുവെന്നത് ആരോപണം മാത്രമാണ്. എനിക്ക് അങ്ങനെയൊരു ബന്ധുവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.