സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: പി.കെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: നയതന്ത്ര അധികാരം ദുരുപയോഗപ്പെടുത്തി തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തു നടത്തിയ കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്ത് യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസ് കടത്തു കേസില്‍ ഇടപെട്ടിട്ടില്ല എന്നു പറയുന്നത് മുഖ്യമന്ത്രിയുടെ എല്‍ഡിഎഫ് നേതാക്കളും മാത്രമാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. വലിയ കാറില്‍ വരുന്നവര്‍ക്ക് എന്തും നല്‍കും എന്ന രീതിയില്‍ ഇടതു സര്‍ക്കാര്‍ അധഃപതിച്ചുവെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ സ്വര്‍ണക്കടത്തു വിവാദത്തിലും ഇവര്‍ അകപ്പെട്ടിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പ് ഇതിനുള്ള മറുപടിയായി ജനം എല്‍ഡിഎഫിനെ തിരസ്‌കരിക്കുമെന്നും യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE