പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ കൈതാങ്ങ്; ആരോഗ്യ വകുപ്പിന് 2000 പിപിഇ കിറ്റുകള്‍ നല്‍കി


മലപ്പുറം: 2000 പിപിഇ കിറ്റുകള്‍ ആരോഗ്യവകുപ്പിന് നല്‍കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി പികെ കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറം ജില്ലയുടെ പലഭാഗത്തും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍, വൈറസ് പരിശോധന നടത്തുന്നതിനും ക്വറന്റൈന്‍ സെന്ററുകളിലും ഹോസ്പിറ്റലുകളിലും ഉപയോഗിക്കുന്നതിനുമായാണ് കിറ്റുകള്‍. മലപ്പുറം ജില്ല കലക്ടര്‍ കെ ഗോപാലകൃഷ്ണനും ഡി എം ഒ കെ സക്കീനയും കിറ്റുകള്‍ സ്വീകരിച്ചു.

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍, വള്ളിക്കുന്ന് മേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പിപിഇ കിറ്റുകള്‍ കൈമാറിയത്. പിപിഇ കിറ്റിന്റെ ലഭ്യതകുറവ് ജില്ലയിലെ പരിശോധനകളെ ബാധിക്കുന്ന സാഹചര്യത്തില്‍ ആണ് കിറ്റുകള്‍ നല്‍കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ആശുപത്രികള്‍ക്ക് എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ കൈമാറിയിരുന്നു.