ഭരണപോരായ്മകളെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കാന്‍ ശ്രമമെന്ന്: കുഞ്ഞാലിക്കുട്ടി

പെരിന്തല്‍മണ്ണ: ഭരണപോരായ്മകളെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം വിചിത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എസ്.എം ദേശീയ പ്രഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബൗദ്ധിക സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനം ചരിത്രപരമായ മണ്ടത്തരമാണെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോ ദിവസം കഴിയുമ്പോറും നോട്ട് നിരോധനത്തിന്റെ തിക്ത ഫലങ്ങള്‍ രാജ്യം അനുഭവിക്കുന്നു.

കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളോടെ നോട്ട് നിരോധന തീരുമാനം എത്രത്തോളം വങ്കത്തമാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. വിഭാഗീയത ആളിക്കത്തിച്ചാണ് നേട്ടം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുകളിലുണ്ടാകുന്ന താത്കാലിക വിജയങ്ങളെ തങ്ങളുടെ തീരുമാനങ്ങളുടെ അംഗീകാരമാണെന്ന് കരുതുന്നത് ശരിയല്ല. അദ്ദേഹം പറഞ്ഞു.

ഇത്തരം അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ തീവ്രവാദത്തിന്റെ മുദ്ര കുത്തുന്നത് ശരിയല്ല. തീവ്രവാദം ആരോപിച്ച് മതപ്രബോധകരെ നിഷ്‌ക്രിയരാക്കാമെന്നാണ് സര്‍ക്കാറും പൊലീസും കരുതുന്നത്. എന്നാല്‍ മതത്തിന്റെ യഥാര്‍ഥ മാനവിക മുഖം സമൂഹത്തെ പഠിപ്പിക്കുന്നവരെ ഇത്തരത്തില്‍ നിയന്ത്രിക്കാമെന്ന് കരുതുന്നത് അപലപനീയമാണെന്ന് കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു.

SHARE