കൊണ്ടോട്ടി: പ്രളയ രക്ഷാ പ്രവര്‍ത്തനത്തിന് കൊണ്ടോട്ടിയിലേക്ക് പികെ കുഞ്ഞാലിക്കുട്ടി എംപി നാലു ബോട്ടുകള്‍ നല്കി. കൊണ്ടോട്ടി മണ്ഡലത്തിലെ പ്രളയ ബാധിത പ്രദേശമായ വാഴക്കാട്, ചീക്കോട്, വാഴയൂര്‍ പഞ്ചായത്തുകളിലെ ചാലിയാറിന്റെ തീരപ്രദേശങ്ങളിലേക്കാണ് പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നാലു ബോട്ടുകള്‍ സ്വന്തം ചെലവിലും സ്പോണ്‍സര്‍മാരെ കണ്ടെത്തിയും നല്‍കിയത്. വാഴക്കാട് പഞ്ചായത്തിലേക്ക് രണ്ടും ചീക്കോട്, വാഴയൂര്‍ പഞ്ചായത്തുകളിലേക്ക് ഓരോന്നു വീതവുമാണ് നല്‍കിയത്. ഏകദേശം രണ്ടര ലക്ഷം രൂപ വില വരുന്ന ഈ ബോട്ടുകള്‍ മണ്ഡലത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായ വിധം ഇപ്പോള്‍ ഉപയോഗിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്ത് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പികെ കുഞ്ഞാലിക്കുട്ടി എംപിയോട് പ്രദേശവാസികളായ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് സൗകര്യമില്ലെന്ന് പരാതിപ്പെട്ടിരുന്നു. പ്രളയസമയത്ത് വെള്ളം കയറി ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് സുരക്ഷാ കേന്ദ്രങ്ങളിലേക്കും മറ്റും ആളുകളെ എത്തിക്കാന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബോട്ടുകള്‍ വാങ്ങി നല്‍കിയത്. പ്രളയ ബാധിത പ്രദേശത്ത് ഈ ബോട്ടുകള്‍ വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പിഎ ജബ്ബാര്‍ ഹാജിയും ജനറല്‍ സെക്രട്ടറി അഷ്റഫ് മടാനും അറിയിച്ചു. ദുരന്തമുഖത്ത് പ്രവര്‍ത്തിക്കാന്‍ മണ്ഡലത്തില്‍ ദുരന്തനിവാരണ സമിതിയുടെ കീഴില്‍ 20 അംഗ വൈറ്റ്ഗാര്‍ഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.
ഈ പ്രത്യേക പരിശീലനം ലഭിച്ച ആളുകളോടൊപ്പം മണ്ഡലത്തിലെ മുഴുവന്‍ വൈറ്റ്ഗാര്‍ഡുകളും ദുരന്തസമയത്ത് മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു. ബോട്ടിന്റെ ഉദ്ഘാടനം ചീക്കോട് ഗ്രാമപഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെസി ഗഫൂര്‍ ഹാജിക്ക് തുഴ കൈമാറി മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പിഎ ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് മടാന്‍, ട്രഷറര്‍ എ ഷൗക്കത്തലി ഹാജി, പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.ഇമ്പിച്ചിമോതി മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി സഈദ്, കെവി കുഞ്ഞാന്, നവാസ് വെട്ടുപാറ, കെടി അസീസ് മാസ്റ്റര്‍, വി. കുഞ്ഞാന്, അസീസ് മാറാടി പങ്കെടുത്തു.