ന്യൂഡല്‍ഹി/ മലപ്പുറം: വന്ദേഭാരത് മിഷന്റെ ഭാഗമായി സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ ടിക്കറ്റ് നിരക്ക് സാധാരണ നിലയില്‍ നിന്നുള്ളതിനേക്കാള്‍ ഇരട്ടിയാക്കിയത് പ്രവാസി ഇന്ത്യക്കാരെ ദുരിതത്തിലാഴ്ത്തുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി. ഗള്‍ഫ് മേഖലയില്‍ പ്രത്യേകിച്ച് സഊദി
അറേബ്യയില്‍ നിന്നുള്ള പ്രാവാസികള്‍ നിരക്ക് വര്‍ധന കാരണം പ്രയാസമനുഭവിക്കുന്നതായി കാണിച്ച് നിരവധിപേരാണ് തന്നെ ബന്ധപ്പെടുന്നതെന്നും നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും എംപി പറഞ്ഞു. ആവശ്യമുന്നയിച്ച് അദ്ദേഹം കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് കത്തയച്ചു. നേരത്തെ 950 സൗദി റിയാല്‍ ചാര്‍ജ് ചെയ്തിരുന്ന ദമാം-കൊച്ചി യാത്രയ്ക്ക് നിരക്ക് 1703 സൗദി റിയാലാണ് നിലവില്‍ ചാര്‍ജ് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയില്‍ ജോലിയടക്കം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണന്നു അദ്ദേഹം പറഞ്ഞു. വ്യോമയാന മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും പ്രവാസികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും എംപി മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.