ശബരിമലയെ മറ്റൊരു കണ്ണൂരാക്കി മാറ്റാന്‍ ശ്രമമെന്ന് പി.കെ കൃഷ്ണദാസ്

കണ്ണൂര്‍: പാര്‍ട്ടി ക്രിമിനലുകളെ രംഗത്തിറക്കി ശബരിമലയെ മറ്റൊരു കണ്ണൂരാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ശബരിമലയിലും നിലയ്ക്കലും പമ്പയിലും ഭക്തരുടെ ചോരപ്പുഴയൊഴുക്കാനാണ് സി.പി.എമ്മും സര്‍ക്കാറും സംയുക്തമായി ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു.

അയ്യപ്പനെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്‌പെഷല്‍ പൊലീസായി നിയോഗിച്ചവരില്‍ ഭൂരിഭാഗവും സി.പി.എം പ്രവര്‍ത്തകരെയാണ്. ലോക്കല്‍ സെക്രട്ടറിമാര്‍ നല്‍കിയ പട്ടികയനുസരിച്ചാണ് സ്‌പെഷല്‍ പൊലീസുകാരായി സി.പി.എം പ്രവര്‍ത്തകരെ നിയോഗിച്ചത്. മണ്ഡല കാലത്തും സംഘര്‍ഷമുണ്ടാക്കി ഭക്തരെ അടിച്ചൊതുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പിണറായി വിജയന്‍ തീകൊണ്ട് തല ചൊറിയുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.