മന്ത്രി ഏ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍; നിയമനം സുതാര്യമാണെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മന്ത്രി ഏ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തിലേക്ക്. ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റായിട്ടാണ് ബാലന്റെ ഭാര്യ ഡോ.പി.കെ ജമീലയെ നിയമിച്ചത്. നേരത്തെ ബന്ധുനിയമനവിവാദത്തില്‍ പെട്ട് ഇ.പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച മറ്റ് രണ്ട് പേര്‍ കൂടി ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ഡോ. പി.കെ. ജമീല മാത്രമാണ് ഇന്റര്‍വ്യൂയില്‍ പങ്കെടുത്തിരുന്നത്. ഇക്കഴിഞ്ഞ 26-ാം തിയതിയാണ് അഭിമുഖം നടന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മനോരമ ന്യസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരോപണങ്ങള്‍ ആരോഗ്യവകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നിഷേധിച്ചു. നിയമനങ്ങള്‍ സുതാര്യമാണ്. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് പി.കെ ജമീലയെ നിയമിച്ചതെന്നും നിയമനത്തിനായി പരസ്യം ക്ഷണിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാര്‍ക്ക് കൂടുതല്‍ ഗുണമേന്‍മയുള്ള സേവനം
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ തന്നെ ഉറപ്പാക്കിക്കൊണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി വിപുലപ്പെടുത്തുന്ന പദ്ധതിയാണ് ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം മിഷന്‍.

SHARE