കോഴിക്കോട്: ഷാഹീന്‍ബാഗ് മാതൃകയില്‍ കോഴിക്കോട് നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരായ കെ സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ ഫിറോസ്. ഷാഹീന്‍ബാഗ് സ്‌ക്വയര്‍ എന്ന പേരില്‍ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന ആരോപണത്തിന് പിന്നാലെയാണ് പി.കെ ഫിറോസ് മറുപടിയുമായി രംഗത്തെത്തിയത്.
‘കെ സുരേന്ദ്രന്റെ തിട്ടൂരം അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത്‌ലീഗിനില്ല. നിയമം അനുസരിച്ചാണ് സമരം നടത്തുന്നത്. ബി.ജെ.പി അല്ല യൂത്ത്‌ലീഗാണ് സമരം നടത്തുന്നത്. വേണമെങ്കില്‍ നിയമം ലംഘിക്കും. കെ സുരേന്ദ്രന്‍ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണ്,’ എന്നും പി.കെ ഫിറോസ് വിമര്‍ശിച്ചു.
കോഴിക്കോട് തീവ്രവാദികളാണ് സമരം ചെയ്യുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്‍, അവിടെ പന്തല്‍ കെട്ടാനോ സമരം നടത്താനോ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.