സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി പി.കെ ഫിറോസ്

ഇന്ന് സുപ്രീം കോടതിയില്‍ നടന്നത്

1)പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവുമായി മുന്നോട്ടു പോയത് കൊണ്ട് നിയമത്തിന്റെ ഭരണഘടനാ സാധുതയില്‍ തീരുമാനമാകുന്നത് വരെ നടപടി ക്രമങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് മുസ്‌ലിം ലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെടുന്നു. ഹരജിക്കാരുടെ ആവശ്യം വളരെ പ്രധാനപ്പെട്ടതായതിനാല്‍ രണ്ടാഴ്ച കഴിഞ്ഞ് കേസ് ഉടനെ പരിഗണിക്കാമെന്നും ആയതില്‍ തീര്‍പ്പ് കല്‍പ്പിക്കാമെന്നും കോടതി പറയുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ എല്ലാ ഹരജികള്‍ക്കും മറുപടി നല്‍കാന്‍ ആറാഴ്ചയെങ്കിലും സമയം നല്‍കാന്‍ ആവശ്യപ്പെടുന്നു. ഒടുവില്‍ നാലാഴ്ച സമയം അനുവദിക്കുകയും അഞ്ചാമത്തെ ആഴ്ച ഇത് സംബന്ധിച്ച വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്യുന്നു.

2) ഭരണ ഘടനാ സാധുത പരിശോധിക്കാന്‍ കേസ് ഭരണ ഘടനാ ബഞ്ചിന് വിടണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെടുന്നു. ആയത് തത്വത്തില്‍ അംഗീകരിച്ച കോടതി അഞ്ചാമത്തെ ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ അത് സംബന്ധിച്ച ഉത്തരവും പറയാം എന്ന് വ്യക്തമാക്കുന്നു.

3) എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പരസ്പര വിരുദ്ധമായ പ്രസ്താവനകളും കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നു. ഇതില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിക്കുന്നു.

ചുരുക്കത്തില്‍ കോടതി നിലപാട് പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. നാലാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ നിര്‍ത്തി വെക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെടുകയും, ഭരണഘടനാ സാധുത പരിശോധിക്കാന്‍ കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അതോടൊപ്പം തെരുവുകള്‍ ഉറങ്ങാതെ, പ്രതിഷേധത്തിന്റെ അഗ്‌നിനാളങ്ങള്‍ അണയാതെ നമുക്ക് മുന്നോട്ട് പോകാം…

എന്‍.ബി: കേരള സര്‍ക്കാര്‍ നല്‍കിയ കേസ് ഇന്ന് കോടതിയില്‍ വന്നിട്ടില്ല. ആയതിനാല്‍ സര്‍ക്കാറിന് വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായതുമില്ല.

SHARE