മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ഇരകള്‍ക്ക് തന്നെ നല്‍കണം: പി.കെ ഫിറോസ്

മലപ്പുറം: സാലറി ചലഞ്ച് നടത്തിയും പൊതുജനങ്ങളില്‍ നിന്നും പിരിവെടുത്തും സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം യഥാര്‍ത്ഥ ഇരകള്‍ക്ക് നല്‍കുന്നതില്‍ സര്‍ക്കാര്‍ മടികാണിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മുസ്ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷന്‍ കാമ്പയിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് എളുപ്പത്തില്‍ പണം കിട്ടണം എന്ന ലക്ഷ്യത്തോടെ സമൂഹം സര്‍ക്കാറിനെ ഏല്‍പിക്കുന്ന സഹായം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവഴിക്കുന്ന രീതി ശരിയല്ല.

ഈ മാസം നാലിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് ഞെട്ടിക്കുന്നതാണ്. ദുരന്ത മുഖത്ത് പ്രതിസന്ധിയിലകപ്പെട്ട ഇരകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ പിരിച്ച തുകയില്‍ നിന്നും 961 കോടിരൂപയാണ് റോഡ് നന്നാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവിറക്കിയത്. റോഡും പാലവും നിര്‍മ്മിക്കാന്‍ വ്യത്യസ്ത ഫണ്ട് സര്‍ക്കാര്‍ ഖജനാവിലുണ്ടായിരിക്കെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തുക ചെലവഴിച്ചത് ന്യായീകരിക്കാനാവില്ലെന്നും എത്രയും വേഗം ഈ ഉത്തരവ് റദ്ദാക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചെലവഴിച്ച പണത്തെ സംബന്ധിച്ച് ഒരു ധവള പത്രം ഇറക്കാന്‍ സംസ്ഥാന ഭരണകൂടം തയ്യാറാവണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകള്‍ക്കാണ് ഈ പണം വകമാറ്റിയിരിക്കുന്നത്. പ്രളയം ബാധിക്കാത്ത നിരവധി റോഡുകളും ഇതില്‍പെടും. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തുന്ന നീക്കത്തിന് വലിയ വില നല്‍കേണ്ടി വരും. റോഡുകള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെയും മന്ത്രി തോമസ് ഐസ്‌ക് പറയുന്ന കിഫ്ബിയില്‍ നിന്നും പണം ചെലവഴിക്കാനാവും. എന്നാല്‍ ഒരു ദുരന്തം കവര്‍ന്നെടുത്ത വീടും സ്ഥലവും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സ്ഥിരനിക്ഷേപമായി ബാങ്കില്‍ സൂക്ഷിച്ചുവെന്ന ധനകാര്യ വകുപ്പ് തന്നെ വ്യക്തമാക്കിയ ഈ തുകയല്ലാതെ വേറെ ഫണ്ടില്ല. ദുരിതാശ്വാസ നിധിയിലെ ഒരു രൂപ പോലും വകമാറ്റി ചിലവഴിക്കില്ലെന്ന് നാഴികക്ക് നാല്‍പത് വട്ടം പറയുന്ന മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഇത്തരത്തിലുള്ള ഗുരുതര വീഴ്ചകള്‍ നടക്കുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

പ്രളയകാലത്ത് വീടും സ്ഥലവുമടക്കം സര്‍വ്വം നഷ്ടപ്പെട്ട പലര്‍ക്കും ഇന്നേ വരെ പണം ലഭിച്ചിട്ടില്ല. ഇത് ഇരകള്‍ക്ക് നല്‍കാതെ എന്തിനാണ് ഇവര്‍ ബാങ്കില്‍ സൂക്ഷിച്ചുവെക്കുന്നത്. ഇരകള്‍ക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കോവിഡ് 19 ന്റെ പാശ്ചാതലത്തില്‍ നിരവധി മലയാളികളാണ് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കണം. പ്രവാസികളുടെ കാര്യം അതിലേറെ കഷ്ടമാണ്. രണ്ട് ലക്ഷം പേരെ പാര്‍പ്പിക്കാന്‍ ക്വാറന്റൈന്‍ സംവിധാനമൊരുക്കിയെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പതിനായിരം പേര്‍ക്ക് പോലും താമസിക്കാനുള്ള ക്വാറന്റെയ്ന്‍ സംവിധാനം കേരളത്തിലില്ല. കോവിഡ് 19 ന്റെ കാലയളവില്‍ പിരിച്ച തുകയില്‍ നിന്ന് അല്‍പമെങ്കിലും ഇവരെ നാട്ടിലെത്തിക്കുന്നതിനും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നതിനും വേണ്ടി ചെലവഴിക്കണം.

കെ.എസ്.ഇ.ബി ബില്ലിന്റെ അവസ്ഥയും സമാനമാണ്. പലരും വൈദ്യുതി ബില്ല് കയ്യില്‍ കിട്ടി ഞെട്ടിത്തരിച്ചിരിക്കുകയാണ്. ജോലിയും കൂലിയുമില്ലാതെ മാസങ്ങളായി വീട്ടിലിക്കുന്ന ഒരു സാധാരണക്കാരന് താങ്ങാന്‍കഴിയാത്തതാണ് ഇപ്പോള്‍ പലര്‍ക്കും കിട്ടിക്കൊണ്ടിരിക്കുന്ന ബില്ല. കെ.എസ്.ഇ.ബി ബില്ല് ഒഴിവാക്കി കൊടുക്കണം. അതുമല്ലെങ്കില്‍ അല്‍പമെങ്കിലും സര്‍ക്കാര്‍ എറ്റെടുക്കണം. 650 രൂപയുടെ കിറ്റ് കൊണ്ടൊന്നും ജനങ്ങളുടെ പട്ടിണി മാറില്ല. എല്ലാ മേഖലയിലും സര്‍ക്കാറിന്റെ കരുതലും സംരക്ഷണവുമാണ് വേണ്ടത്. ഈ ദുരന്തകാലത്തെങ്കിലും സര്‍ക്കാര്‍ അവരുടെ കടമ നിറവേറ്റിയില്ലെങ്കില്‍ സമരമുഖത്ത് മുസ്ലിം യൂത്ത് ലീഗുണ്ടാവുമെന്നും ഫിറോസ് കൂട്ടിചേര്‍ത്തു.

SHARE