അരിയില്‍ ശുക്കൂര്‍ വധം; ഷംസീറിനെ ചോദ്യം ചെയ്യണമെന്ന് പി.കെ ഫിറോസ്

മലപ്പുറം: അരിയില്‍ ഷുക്കൂറിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ എന്‍. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കൊലപാതകം നടത്തിയ യഥാര്‍ത്ഥ പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഷംസീറിന് അറിയാമെന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

2012 ഫെബ്രുവരി 20ന് തളിപ്പറമ്പിനടുത്ത് വെച്ചാണ് അരിയില്‍ ഷുകൂറിനെ കൊലപ്പെടുത്തിയത്. സി.പി.എം ഇത്രയും കാലമായി പറഞ്ഞിരുന്നത് സി.പി.എമ്മിന് സംഭവത്തില്‍ പങ്കില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ കാരണമെന്നുമാണ്. സി.പി.എം നടത്തിയതാണ് കൊലപാതകം എന്ന് ഷംസീര്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ പി. ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് ഷംസീറിനെ ചോദ്യം ചെയ്താല്‍ പുറത്ത് വരും. കൊല നടത്തുക മാത്രമല്ല അത് ഏറ്റെടുക്കുക എന്ന ഭീകര സംഘടനകളുടെ ശൈലി സി.പി.എം അനുകരിക്കാന്‍ തുടങ്ങിയതിന്റെ സൂചന കൂടിയാണ് ഷംസീറിന്റെ വെളിപ്പെടുത്തലില്‍ വ്യക്തമായത്.

കൊല നടത്തിയത് സി.പി.എമ്മാണെന്ന് ഷംസീര്‍ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ വെളിപ്പെടുത്തലിന്റെ വീഡിയോ ദൃശ്യങ്ങള്‍ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്്് കൈമാറും. ഷുകൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിനെതിരായി പി ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പൊലീസിന് പുറത്തുള്ള മറ്റൊരു അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കുന്നതിനെ സി.പി.എം ഭയപ്പെടുന്നുണ്ട്. സി.പി.എം കേരളത്തില്‍ ആരാച്ചാര്‍ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. പാര്‍ട്ടി നടത്തുന്ന കൊലപാതക കേസുകളില്‍ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സി.പി.എം സ്‌പെഷല്‍ ഫണ്ട് സ്വരൂപിക്കുന്നതെന്നും ഇത്തരത്തില്‍ സ്വരൂപിച്ച ഫണ്ട് കണ്ടു കെട്ടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പങ്കെടുത്തു.