മന്ത്രി ജലീല്‍ രാജിവെക്കുംവരെ പ്രക്ഷോഭം: പി.കെ ഫിറോസ്

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അരോപണം കടുപ്പിച്ച വീണ്ടും മുസ്‌ലിം യൂത്ത് ലീഗ്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നും മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് പറഞ്ഞു. മറുപടിയില്ലാതായതോടെ ആരോപണമുന്നയിക്കുന്ന സംഘടനയെ കളിയാക്കുന്ന പരിഹാസ്യമായ സമീപനമാണ് ജലീല്‍ നടത്തുന്നതെതെന്നും കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പി.കെ ഫിറോസ് വിമര്‍ശിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ഉന്നതതല നിയമനങ്ങൾ ദേശീയ തലത്തിൽ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധരുടെ ശുപാർശയനുസരിച്ചു മാത്രമേ നടത്താവൂ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ട മന്ത്രിസഭാ തീരുമാനത്തെയാണ് കെ.ടി ജലീൽ അട്ടിമറിച്ചതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഒപ്പിനും മന്ത്രിസഭയുടെ വാക്കിനും വിലയുണ്ടെങ്കിൽ സ്വജനപക്ഷപാതം നടത്തിയ മന്ത്രിയോട് രാജി ആവശ്യപ്പെടണം. എ.കെ.ജി സെന്ററിലെ ഓഫീസ് സെക്രട്ടറിയുടെ ചുമതലയിലേക്ക് ആളെയെടുക്കുന്ന പോലെ നിസ്സാരമായാണ് കോർപ്പറേഷൻ ജി.എം പദവിയിലേക്ക് ജലീൽ ബന്ധുവിനെ നിയമിച്ചത്- ഫിറോസ് പഞ്ഞു.

ഏഴ് ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് കെ.ടി. അദീപിനെ നേരിട്ട് വിളിച്ച് ജി.എം തസ്തിക നല്‍കിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ ഇന്ന് വിശദീകരിച്ചത്. എന്നാല്‍ ഫേസ്ബുക്കിലെ കുറിപ്പും മന്ത്രിയുടെ വാര്‍ത്താ സമ്മേളനവും വൈരുദ്ധ്യമുണ്ട്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ മന്ത്രി പുറത്തു വിടണമെന്നും ഫിറോസ് പറഞ്ഞു.

കെ.എം. മാണി പേഴ്‌സണല്‍ സ്റ്റാഫില്‍ സ്വന്തക്കാരനെ നിയമിച്ചുവെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നില്ല. പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പോലെയല്ല മൈനോറിറ്റി ബോര്‍ഡിലേക്കുള്ള നിയമനം. കെ.ടി അദീപിന്റെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.

മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനം തിരിച്ചറിഞ്ഞതുകൊണ്ടാണ് സി.പി.എം പ്രതികരിക്കാത്തത്. ആകെ പ്രതികരിച്ചത് ബന്ധുനിയമനത്തിൽ മന്ത്രിസഭയിൽനിന്ന് പുറത്തുപോകേണ്ടിവന്ന ഇ.പി ജയരാജനാണ്. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ജലീലിന്റെ രാജി ആവശ്യപ്പെടുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്.- ഫിറോസ് പറഞ്ഞു. ജനങ്ങളെയും മാധ്യമപ്രവർത്തകരെയും വെല്ലുവിളിച്ച് ജലീലിന് അധിക കാലം മന്ത്രിക്കസേരയിൽ അള്ളിപ്പിടിക്കാനാവില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.

ലീഗുകാര്‍ പലരും കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് അത് തിരിച്ചടച്ചിട്ടില്ലെന്നാണ് ജലീല്‍ ഉന്നയിക്കുന്ന പരിഹാസ്യമായ ആരോപണം. കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കോര്‍പ്പറേഷനില്‍ നിന്ന് ഇപ്പോഴുണ്ടാകുന്ന നടപടികളാണ് യൂത്ത് ലീഗിന്റെ പ്രകോപനത്തിന് കാരണമെന്നും മന്ത്രി ആരോപിക്കുന്നു. ലോണ്‍ തിരിച്ച് പിടിക്കാനുള്ള ഗുണ്ടാ തലവനായാണോ അദീബിന്റെ നിയമനമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു. ലോണ്‍ എടുത്ത ശേഷം തിരിച്ചടയ്ക്കാത്ത ലീഗുകാരുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പുറത്തായിരുന്നു. ഡെപ്യൂട്ടേഷന്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും സൗത്ത്‌ ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജറായിരുന്ന കെ.ടി അദീബിനാണ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. കെ.ടി ജലീലിന്റെ പിതാവിന്റെ സഹോദര പുത്രനാണ് അദീബ്.