‘കല്ലെറിയുന്നവര്‍ പൂമാലയുമായി വരുന്ന കാലം അതി വിദൂരമല്ല’.; പ്രതിപക്ഷ നേതാവിനോട് പി.കെ ഫിറോസ്‌

ഇപ്പോഴാണോടാ രാഷ്ട്രീയം പറയുന്നത്?”
കേരളത്തിൽ ഈയിടെയായി കേട്ടു കൊണ്ടിരിക്കുന്ന ചോദ്യമാണിത്.

ഇക്കഴിഞ്ഞ രണ്ട് പ്രളയ സമയത്തും ഇപ്പോഴത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലുമൊക്കെയാണ് ഈ ചോദ്യം മുഴങ്ങിയത്. എന്താണ് ഈ ചോദ്യം കൊണ്ടുദ്ധേശിക്കുന്നത്? ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയുമൊന്നും വിമർശിക്കരുതെന്നാണോ?! ഒരിക്കലുമല്ല. നിങ്ങൾക്ക് ആരെ വേണമെങ്കിലും വിമർശിക്കാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എത്ര കൊള്ളരുതാത്തവനായും ചിത്രീകരിക്കാം. ഉപനേതാവ് എം.കെ മുനീറിനെ അപമാനിക്കാം. ആരും മേൽ ചോദ്യവുമായി നിങ്ങളുടെ അടുത്ത് വരില്ല.

പക്ഷേ മുഖ്യമന്ത്രിയെ വിമർശിക്കരുത്. ഭരണത്തെ കുറിച്ച് മോശമായി ഒരു വാക്കു പോലും ഉച്ചരിക്കരുത്. ഉച്ചരിച്ചാൽ ഉടനെ വരും ഇപ്പോഴാണോടാ…….?

ഒന്നാമത്തെ പ്രളയ സമയത്ത് ഇത്തരം ചോദ്യങ്ങളെ പേടിച്ച് സർക്കാറിനെ ആരും വിമർശിച്ചില്ല. ഒറ്റപ്പെട്ട വിമർശനക്കാരെ സൈബർ വെട്ടുകിളിക്കൂട്ടങ്ങൾ കടന്നാക്രമിച്ചു. വാഴ്ത്തുപാട്ടുകാർ ഓഹോയ് പാടി മുഖ്യമന്ത്രിയെ തോളിലേറ്റി. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം കൊടുക്കാത്തവർ മോശക്കാരായി. സർക്കാർ ജീവനക്കാരിൽ നിന്നും പണം പിടിച്ചു പറിച്ചു.

എന്നിട്ടോ?

അയ്യായിരത്തോളം കോടി രൂപയിൽ പകുതി പോലും ചെലവഴിച്ചില്ല. ഇക്കാര്യമറിയുന്നതോ വർഷം ഒന്ന് കഴിഞ്ഞ് രണ്ടാമതും പ്രളയം വന്നപ്പോൾ. ചോദിച്ചപ്പോൾ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് ബാക്കി പണം ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ്. ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാനാണോ ഈ പണമൊക്കെ പിരിച്ചത് എന്ന ചോദ്യമൊന്നും അന്തരീക്ഷത്തിൽ വല്ലാതെ ഉയർന്നില്ല.

രണ്ടാമതും പ്രളയമുണ്ടായി. സർക്കാറിന്റെ കെടുകാര്യസ്ഥതയൊന്നും ഒട്ടും ചർച്ചയായില്ല. കേരളത്തിന്റെ അധികാരക്കസേരയിലിരിക്കുന്നവരെ പോയിട്ട് ഒരു പഞ്ചായത്തിനെ പോലും ആരും കുറ്റപ്പെടുത്തിയില്ല. പറഞ്ഞാൽ മോശക്കാരനായി പോവും എന്നൊരു പൊതുബോധം അപ്പോഴേക്കും വേരൂന്നിക്കഴിഞ്ഞിരുന്നു. അത്തരമൊരു പൊതുബോധം സൃഷ്ടിക്കുന്നതിൽ ഭരണവിലാസക്കാർ വിജയിച്ചിരുന്നു എന്നതാണ് കൂടുതൽ ശരി.

പക്ഷേ മേൽ ചോദ്യം വൺവേയായിരുന്നു. എറണാകുളം ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് അത് കൂടുതൽ തെളിഞ്ഞത്. ഹൈബി ഈഡൻ എംപിയായപ്പോൾ ഒഴിവ് വന്ന അസംബ്ലി മണ്ഡലത്തിൽ ടി.ജെ വിനോദായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പെരുമഴ. പ്രളയം!! എല്ലാത്തിനും ഉത്തരവാദി ടി.ജെ വിനോദ്. എന്താണ് കാരണം? അദ്ദേഹം കൊച്ചി കോർപ്പറേഷനിൽ ഡെ.മേയറായിരുന്നു. അതു വരെ ഇപ്പോഴാണോടാ രാഷ്ട്രീയം പറയുന്നത് എന്ന് ചോദിച്ച സൈബർ വെട്ടുകിളിക്കൂട്ടങ്ങൾ ഒന്നടങ്കം വിനോദിനെതിരെ രംഗത്ത് വന്നു. മഴ പെയ്തതിനും വെള്ളം പൊങ്ങിയതിനുമെല്ലാം ഉത്തരവാദിത്തം വിനോദ് എന്ന ഒറ്റ മനുഷ്യനിലൊതുങ്ങി. കാരണം അയാൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.

കൊറോണ വന്നു. വാഴ്ത്തുപാട്ടുകാർ വീണ്ടും രംഗത്തിറങ്ങി. ബി.ജി.എമ്മിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും വീഡിയോകൾ ഇറങ്ങി. സർക്കാറിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ‘സൈബർ മോബ് ലിഞ്ചിംഗ്’ നടത്തി. ഹല്ലേലുയ പാടുന്നവരല്ലാത്തവരെയൊന്നും സൈബർ ഇടങ്ങളിൽ വച്ചു പൊറുപ്പിച്ചില്ല. അർധരാത്രി വരെ ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടി പരിഹാസ്യനായി. രാത്രി പതിനൊന്ന് മണിക്ക് ഫോണെടുത്ത പിണറായി വിജയൻ ദൈവതുല്യനായി. അങ്ങിനെ സ്ഥാപിച്ചെടുത്തു.

ദുരന്ത സമയത്ത് അപ്പോൾ ആർക്കാണ് രാഷ്ട്രീയ താൽപര്യമുള്ളത്?

ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ നാവിൽ നിന്ന് തന്നെ അത് പുറത്ത് വന്നിരിക്കുന്നു. ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകൻ നാടു മുഴുവൻ കറങ്ങിയത്രേ! എന്താണ് കേട്ടാൽ തോന്നുക? ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഐസൊലേഷനിൽ കഴിയുന്ന അയാൾ പുറത്തിറങ്ങി എന്നല്ലേ?

അദ്ദേഹം വിദേശത്ത് നിന്നും വന്നതല്ല. അറിഞ്ഞ് കൊണ്ട് ഐസൊലേഷനിൽ കഴിയുന്ന ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ല. ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം പുറത്തിറങ്ങിയിട്ടില്ല. പിന്നെന്തിനാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്? കാരണം അദ്ദേഹം കോൺഗ്രസുകാരനാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഒരഭ്യർത്ഥനയുണ്ട്,
ഈ വെട്ടുകിളിക്കൂട്ടങ്ങളെയോ പഴയ എസ്.എഫ്.ഐക്കാർ ചേർന്നുള്ള മാധ്യമ സിണ്ടിക്കേറ്റിനെയോ പേടിച്ച് പിൻമാറരുത്. ഭരണപക്ഷത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുക. പോരായ്മകൾ ഉയർത്തിക്കൊണ്ടു വരിക. അതു തന്നെയാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തവുമായി മുന്നോട്ട് പോവുക. കല്ലെറിയുന്നവർ പൂമാലയുമായി വരുന്ന കാലം അതി വിദൂരമല്ല.