യോഗി ആദിത്യനാഥിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പി.കെ ഫിറോസ്

പാലക്കാട് :ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 70 ഓളം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി യോഗിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപെട്ടു. പശുവിന് ആംബുലന്‍സ് ഏര്‍പ്പെടുത്തിയ നാട്ടിലാണ് ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരണപ്പെട്ടത്. മൃഗത്തിന്റെ വില പോലും മനുഷ്യന് കല്‍പ്പിക്കാത്ത രാഷ്ടീയമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് ഒരിക്കല്‍ കൂടി ബി.ജെ.പി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.മാനവിക രാഷ്ട്രീയം മാതൃകാ യൗവ്വനം, എന്ന പ്രമേയത്തില്‍ പാലക്കാട് ജില്ലാ യൂത്ത് ലീഗ് ചെര്‍പ്പുളശ്ശേരി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഉബൈദ് ചങ്ങലീരി അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം എന്നത് ഉത്തരവാദിത്വമാണ്. മനുഷ്യത്വ മില്ലാത്ത രാഷ്ട്രീയമാണ് രാജ്യത്ത് അരാജകത്തം വിതച്ചു കൊണ്ടിരിക്കുന്നത്.മാനവികതയില്‍ ഊന്നിയ രാഷ്ട്രീയത്തിന്റെ മാതൃകയാണ് മുസ്്‌ലിംലീഗ് എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.