കോവിഡ് 19 പകര്‍ച്ച വ്യാധിയും അതേതുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാരണം ബുദ്ധിമുട്ടിലായ ജനതയെ സഹായിക്കാന്‍ സംസ്ഥാന ഭരണകൂടം എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ട സമയമായിരിക്കുന്നു. അതിനു മുമ്പ് സര്‍ക്കാറിന്റെ കയ്യില്‍ ഇക്കാര്യത്തിനായി ചെലവഴിക്കാന്‍ തുക എത്രയുണ്ട് എന്ന് നോക്കേണ്ടതുണ്ട്.
പ്രളയ സമയത്ത് പിരിച്ച തുകയില്‍ സര്‍ക്കാര്‍ ചെലവഴിക്കാതെ ഫിക്സഡ് ഡെപ്പോസിറ്റായി സൂക്ഷിച്ച് വെച്ചത് മൂവായിരം കോടിയോളം രൂപയാണ്. കോവിഡിന്റെ പേരില്‍ സാലറി ചാലഞ്ചിലൂടെ ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുന്നത് 3200 കോടിയാണ്. 6200 കോടിയോളമാണ് ഈയിനത്തില്‍ മാത്രം സര്‍ക്കാറിന്റെ കയ്യിലുള്ളത്.
ഇത്തരം ദുരന്തങ്ങളുണ്ടാവുമ്പോള്‍ ചെലവ് ചുരുക്കിയും പ്രയോറിറ്റിയില്‍ മാറ്റങ്ങള്‍ വരുത്തിയും വേറെയും ഫണ്ടുകള്‍ കണ്ടെത്തേണ്ടത് ഏതൊരു ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരു പതിനയ്യായിരം കോടി രൂപയെങ്കിലും കോവിഡ് മൂലമുണ്ടായ നേരിട്ടുള്ള ആഘാതത്തെ മറി കടക്കാന്‍ സംസ്ഥാന ഭരണകൂടത്തിന് ചെലവഴിക്കാന്‍ സാധിക്കും.
എന്നാല്‍ സംസ്ഥാന ഭരണകൂടം ചെയ്തതെന്താണ്? ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. പ്രഖ്യാപനം കേട്ട മാത്രയില്‍ എല്ലാവരും കയ്യടിച്ചു. എന്നാല്‍ വാസ്തവമെന്തായിരുന്നു? സര്‍ക്കാര്‍ നേരത്തെ നല്‍കേണ്ടിയിരുന്ന കോണ്‍ട്രാക്ടര്‍മാരുടെ കുടിശ്ശികയും ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയും തൊഴിലുറപ്പ് പദ്ധതിയുള്‍പ്പടെ കൊടുക്കാനുള്ള പണം കൊടുക്കാന്‍ തീരുമാനിച്ചതായിരുന്നു ആ പാക്കേജ്. ബാക്കി വരുന്നതാവട്ടെ കേവലം 700 കോടിയോളം രൂപ മാത്രവും. ഇതില്‍ തന്നെ സപ്ലൈക്കോ മുഖാന്തിരം നല്‍കിയ 650 രൂപയുടെ കിറ്റിനാണ് പകുതിയോളം തുക ചെലവഴിച്ചത്.
ലോക്ക് ഡൗണ്‍ കാരണം രണ്ട് മാസത്തോളം ജോലിക്ക് പോകാന്‍ കഴിയാതെ, കച്ചവടം ചെയ്യാനാവാതെ, കൃഷി ചെയ്യാനാവാതെ മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്ത ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ എന്ത് നടപടിയാണ് സംസ്ഥാന ഭരണകൂടം ചെയ്തത്.? 650 രൂപയുടെ കിറ്റ് കൊണ്ട് എല്ലാമായോ? കമ്മ്യൂണിറ്റി കിച്ചണ് ആഹ്വാനമല്ലാതെ സംസ്ഥാന സര്‍ക്കാറിന് അഞ്ചിന്റെ പൈസ ചെലവുണ്ടോ? തദ്ദേശ സ്ഥാപനങ്ങളല്ലേ അതിനുള്ള പണം ചെലവഴിച്ചത്? ഓരോ ഉപഭോക്താവിനും ഇപ്പോഴുണ്ടായ കറണ്ട് ബില്ലിലെ അധിക തുകയെങ്കിലും ഒഴിവാക്കി ഒരാശ്വാസമാവാന്‍ എന്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല?
ഇനി പ്രവാസികള്‍ക്കായി സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ?
ഈ ഒരു മാസത്തിനുള്ളില്‍ ഏതാണ്ട് ഇരുപതിനായിരം പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങുന്നത്. ടിക്കറ്റൊന്നിന്ന് 13000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത രണ്ട് മാസത്തേക്കുള്ള ടിക്കറ്റുകള്‍ സര്‍ക്കാര്‍ കൊടുക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ഇതിന് ആകെ വേണ്ടി വരുന്നത് 26 കോടി രൂപ മാത്രമാണ്. പ്രവാസികള്‍ നട്ടെല്ലാണ് എന്ന് പറയുന്നതുകൊണ്ട് അവര്‍ക്കെന്തു കാര്യം? ആ തുകയെങ്കിലും സര്‍ക്കാര്‍ വഹിച്ചിരുന്നെങ്കില്‍ അതവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം എത്ര മാത്രം വലുതാകുമായിരുന്നു.
അന്യ സംസ്ഥാനത്തുള്ള മലയാളികള്‍ക്ക് എന്തെങ്കിലും പരിഗണന നല്‍കിയോ? മാനുഷിക പരിഗണനയെങ്കിലും?
കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനത്തേക്ക് തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള സ്പെഷല്‍ ട്രെയിനുകള്‍ പോകുമ്പോള്‍ നമ്മുടെ നാട്ടുകാരെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ എന്തെങ്കിലും ശ്രമം നടത്തിയോ? അതിര്‍ത്തിയിലെത്തിയവരെ പാസില്ലെന്ന് പറഞ്ഞ് ശത്രുതാ മനോഭാവത്തോടെയല്ലേ അവരോട് പെരുമാറിയത്. അവരെ മരണത്തിന്റെ ദൂതന്‍മാര്‍ എന്നല്ലേ ഭക്തുക്കള്‍ വിശേഷിപ്പിച്ചത്?
ഒരു ലക്ഷം മലയാളികളെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ ശരാശരി 1000 രൂപ വെച്ച് കണക്കാക്കിയാല്‍ പോലും 10 കോടി രൂപയേ ചെലവ് വരുള്ളൂ. എന്ത് കൊണ്ട് സംസ്ഥാന ഭരണകൂടം പണം മുടക്കി സ്പെഷല്‍ ട്രെയിനുകള്‍ ഏര്‍പ്പാടാക്കി നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടു വരാന്‍ ഒരു ശ്രമം നടത്തിയില്ല!
ചുരുക്കിപ്പറഞ്ഞാല്‍ 6200 കോടിയോളം രൂപ ദുരിതവുമായി ബന്ധപ്പെട്ട് മാത്രം കൈവശമുള്ള, പതിനയ്യായിരം കോടിയെങ്കിലും കണ്ടെത്താന്‍ കഴിയുന്ന സംസ്ഥാന സര്‍ക്കാര്‍ കേവലമായ ആശ്വാസ നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല. എന്നാലോ, തള്ളിന് ഒരു കുറവുമില്ല.
എല്ലാ ദിവസവും പിണറായി വിജയന്‍ പത്ര സമ്മേളനം നടത്തി എന്നല്ല കോവിഡ് കാലത്തെ കുറിച്ച് ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടത്. മറിച്ച് ദുരിതം വന്നപ്പോള്‍ ആശ്വാസമേകാനും ആത്മവിശ്വാസമുണ്ടാകാനുമുള്ള കര്‍മ്മ പരിപാടികളാണ് ഒരു സര്‍ക്കാറില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. അക്കാര്യത്തില്‍ പിണറായി സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റില്‍ വട്ടപ്പൂജ്യമാണ് അടയാളപ്പെടുത്താന്‍ പോകുന്നത്.