ശരീഅത്ത് റൂള്‍; ഉയരുന്ന ചോദ്യങ്ങളില്‍ നിലപാട് വ്യക്തമാക്കി യൂത്ത് ലീഗ്

കേരള സര്‍ക്കാര്‍ രൂപീകരിച്ച ശരീഅത്ത് റൂളിനെ സംബന്ധിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകളെ സംബന്ധിച്ചും ഇക്കാര്യത്തില്‍ യൂത്ത് ലീഗിനോട് ഉയര്‍ത്തിയിട്ടുള്ള ചോദ്യങ്ങളിലും നിലപാട് വ്യക്തമാക്കി മുസ്‌ലിം യൂത്ത് ലീഗ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് യൂത്ത് ലീഗിന്റെ നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ശരീഅത്ത് റൂൾ: ആശങ്കകളും വസ്തുതകളും

കേരള സർക്കാർ രൂപീകരിച്ച ശരീഅത്ത് റൂളിനെ സംബന്ധിച്ച് ഉയർന്ന് വന്നിട്ടുള്ള ആശങ്കകളെ സംബന്ധിച്ചും ഇക്കാര്യത്തിൽ യൂത്ത് ലീഗിനോട് ഉയർത്തിയിട്ടുള്ള ചോദ്യങ്ങളിലും നിലപാട് വ്യക്തമാക്കുകയാണ്.

1. റൂൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോടതിയെ സമീപിച്ചത് ഏത് സാഹചര്യത്തിലാണ്?

ഇസ്‌ലാം മതം സ്വീകരിച്ച സൈമൺ മാസ്റ്ററും(മുഹമ്മദ് ഹാജി) ടി.എൻ ജോയിയും (നജ്മൽ ബാബു) മരണപ്പെട്ടപ്പോൾ ഇസ്‌ലാം മത ആചാര പ്രകാരമല്ല മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കപ്പെട്ടത്. ആദ്യത്തെ സംഭവം ഉണ്ടായപ്പോൾ തന്നെ ഇത്തരം സാഹചര്യമൊഴിവാക്കാൻ റൂൾ നിർമ്മിക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അബൂത്വാലിബ് എന്ന വ്യക്തി കോടതിയെ സമീപിച്ചിരുന്നു. മൂന്നു മാസത്തിനകം ചട്ടം നിർമ്മിക്കണമെന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കാതിരിക്കുകയും നജ്മൽ ബാബുവിനും ഈ ദുരനുഭവം ആവർത്തിക്കുകയും ചെയ്തപ്പോഴാണ് യൂത്ത് ലീഗ് കോടതിയെ സമീപിക്കുന്നത്.

2. റൂൾ നിലവിൽ വന്നത് കൊണ്ട് പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ, കുറ്റിച്ചിറ തർബിയത്തുൽ ഇസ്‌ലാം സഭ എന്നിവയുടെ ആധികാരികത നഷ്ടപ്പെട്ടു എന്നത് ശരിയാണോ?

ശരിയല്ല. റൂൾ നിലവിൽ വരുന്നതിനു മുൻപ് തന്നെ 2009 ൽ ദേവകി (ആയിഷ) എന്നവർ നൽകിയ റിട്ട് പെറ്റീഷനിൽ ജ.മുഷ്താഖ് നൽകിയ വിധിയിൽ മതം മാറ്റം സംബന്ധിച്ച് ഏതെങ്കിലും സഭക്ക് മാത്രം തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയതാണ്.

3. റൂൾ നിലവിൽ വന്നത് കൊണ്ട് കേരളത്തിലെ മുസ്‌ലിംകൾ മുഴുവൻ ഡിക്ലറേഷൻ നൽകേണ്ടി വരുമെന്നും കൊടുക്കാത്തവർ ശരീഅത്ത് നിയമങ്ങൾക്ക് പുറത്താവുമെന്നും പറയുന്നത് ശരിയാണോ?

ശരിയല്ല. റൂളിലെ സെക്ഷൻ 3 ക്ലോസ് 1 പ്രകാരം മുസ്‌ലിമാണെന്ന് തെളിയിക്കാൻ ആർക്കെങ്കിലും രേഖ ആവശ്യമുണ്ടെങ്കിൽ മാത്രം അപേക്ഷ നൽകിയാൽ മതി. ഫലത്തിൽ മുസ്‌ലിമായി ജനിച്ചവർക്ക് ഈ രേഖ ആവശ്യമില്ലാതെ വരികയും ഇസ്‌ലാം മതത്തിലേക്ക് Convert ചെയ്യുന്നവർക്ക് ഇതൊരു ഉപകാരമാവുകയും ചെയ്യും. മുസ്‌ലിമായി ജനിച്ചവർക്ക് നിലവിൽ തുടർന്ന് വരുന്ന നിയമങ്ങളിൽ യാതൊരു മാറ്റവും ഈ റൂൾ ഉണ്ടാക്കുന്നില്ല.

4.അപ്പോൾ സർക്കാർ ഇറക്കിയ ഉത്തരവിൽ ഭേദഗതി ഒന്നും ആവശ്യമില്ലെന്നാണോ?

ആവശ്യമുണ്ട്. ആ ഭേദഗതികൾ കൂടി നടപ്പിലാക്കാൻ സാധിച്ചാൽ അപേക്ഷകർക്കുള്ള സങ്കീർണ്ണതകൾക്ക് പരിഹാരമാവുകയും എളുപ്പത്തിൽ രേഖകൾ ലഭ്യമാവാൻ സഹായകരമാവുകയും ചെയ്യും.

5. എന്തൊക്കെ ഭേദഗതികളാണ് ആവശ്യമായിട്ടുള്ളത്?

a. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഉൾപ്പടെ സമർപ്പിക്കണം എന്നത് മാറ്റി 3 രേഖകൾ സമർപ്പിച്ചാൽ മതി എന്നാക്കണം. 
ഒന്ന്, മഹല്ല് /ജമാഅത്ത് കമ്മിറ്റികൾ നൽകുന്ന രേഖ അല്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം
രണ്ട്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
മൂന്ന്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്

b. തഹസിൽദാർ അന്വേഷണം(Enquiry) നടത്തിയതിന് ശേഷം മാത്രം സർട്ടിഫിക്കറ്റ് നൽകിയാൽ മതി എന്ന സർക്കാർ വിജ്ഞാപനം അപേക്ഷകർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്നതിനാൽ Enquiry എന്നത് സർട്ടിഫിക്കറ്റ് പരിശോധന (verification) എന്നാക്കി ഭേദഗതി ചെയ്യണം.

c. അപേക്ഷ സമർപ്പിച്ച് 45 ദിവസത്തിനുളളിൽ സർട്ടിഫിക്കറ്റ് നൽകിയാൽ മതി എന്നത് 15 ദിവസത്തിനുള്ളിൽ എന്നാക്കി ചുരുക്കണം.

6. റൂൾ സംബന്ധിച്ച് മുസ്‌ലിം ലീഗിനും യൂത്ത് ലീഗിനും വ്യത്യസ്ത നിലപാടുണ്ടോ?

ഒരിക്കലുമില്ല. ഇത് സംബന്ധിച്ച് പല ആശയ കുഴപ്പങ്ങളുമുണ്ടായപ്പോൾ മുസ്‌ലിം ലീഗ് നേതൃത്വം തിരുവനന്തപുരത്ത് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് ചേർക്കുകയും മുകളിൽ പറഞ്ഞ ഭേദഗതികൾ നിയമ വിദഗ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞതിന് ശേഷം തയ്യാറാക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ യൂത്ത് ലീഗും സംബന്ധിച്ചിരുന്നു. അതിന് ശേഷം മുഖ്യമന്ത്രിക്ക് ഭേദഗതികൾ സമർപ്പിക്കുകയും ചെയ്തു.

ഇനി എന്താണ് ചെയ്യേണ്ടത്?

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഭേദഗതികൾ സർക്കാർ അംഗീകരിക്കുന്നതിനായി ഒറ്റക്കെട്ടായി നിൽക്കുക. ഇനി ഇക്കാര്യത്തിൽ സദുദ്ദേശപരമായി യൂത്ത് ലീഗ് നടത്തിയ ശ്രമങ്ങളിലോ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലോ ഏതെങ്കിലും തരത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ സോഷ്യൽ മീഡിയ വഴി സമൂഹ മധ്യേ കൂടുതൽ ആശയ കുഴപ്പങ്ങളുണ്ടാക്കുന്നതിന് പകരം ഒരു ചർച്ചയിലൂടെ പരിഹാരമുണ്ടാക്കുന്നതിനും സമുദായത്തിന് ഗുണകരമാകുന്ന രീതിയിൽ ഫലമുണ്ടാക്കുന്നതിനും മുന്നോട്ടു വരേണ്ടതാണ്.
നാഥൻ തുണക്കട്ടെ…