കേവല അക്രമിസംഘമല്ല; ആര്‍.എസ്.എസ് ഹിംസ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഫാഷിസ്റ്റുകള്‍: പി.കെ ഫിറോസ്

ബോംബ് പൊട്ടിത്തെറിക്കാതിരിക്കാന്‍ ആരെങ്കിലും അതിനെതിരെ ഓലപ്പടക്കം വലിച്ചെറിയാറുണ്ടോ?

ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി വര്‍ഗ്ഗീയ ധ്രുവീകരണവും ലക്ഷ്യമാക്കി സംഘ്പരിവാര്‍ നാടൊട്ടുക്കും അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയ പ്രതിരോധത്തിന്റെ പാളിച്ചകള്‍ തുറന്നുകാട്ടി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. സംഘ്പരിവാര്‍ ആക്രമത്തിനെതിരെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഫിറോസ് രംഗത്തെത്തിയത്. സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിന് സിപിഎം വഴിമരുന്ന് ഇട്ടുകൊടുക്കുന്ന യഥാര്‍ത്ഥ്യങ്ങളെ തുറന്നുകാട്ടിയാണ് ഫിറോസിന്റെ പോസ്റ്റ്്. ആര്‍.എസ്.എസ്സിനെതിരെ കായികമായി പ്രതിരോധം സൃഷ്ടിക്കുന്ന കണ്ണൂര്‍ ജില്ലയിലെ വസ്തുകള്‍ എടുത്ത് പരിശോധിച്ചാണ് പോസ്റ്റ്.

കായികമായ പ്രതിരോധം കൊണ്ട് നേരിട്ട് ഇല്ലാതാക്കാന്‍ കഴിയുന്ന കേവല അക്രമിസംഘമല്ല ആര്‍.എസ്.എസ്. സംഘ്പരിവാറിന്റെ മുഖ്യ ആയുദ്ധമായ നുണ പ്രചാരണം തിരുത്താന്‍ കഴിയണമെന്നും എന്നാല്‍ ശശികല ടീച്ചര്‍ പറഞ്ഞ് നടന്ന ക്ഷേത്ര വരുമാനം സംബന്ധിച്ച നുണ പൊളിച്ചടക്കിയത് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനാണെന്നും പികെ ഫിറോസ് വ്യക്തമാക്കി. സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം അവിശ്വാസമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ സമുദായങ്ങള്‍ക്കിടയില്‍ വിശ്വാസം ഉണ്ടാക്കാനാകണം നമ്മള്‍ ശ്രമിക്കേണ്ടതെന്നും ഫിറോസ് പറഞ്ഞു. ശിഹാബ് തങ്ങളുടെ നിലപാട് പ്രസക്തമാകുന്നത് ഇവിടെയാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

സംഘ്പരിവാര്‍ നാടൊട്ടുക്കും അഴിഞ്ഞാടുകയാണ്. കലാപമുണ്ടാക്കുകയാണ് അവരുടെ അജണ്ട. അത് വഴി വര്‍ഗ്ഗീയ ധ്രുവീകരണവും ലക്ഷ്യമാക്കുന്നുണ്ട്. രാജ്യത്തെല്ലായിടത്തും പയറ്റുന്നത് ഇതേ തന്ത്രം തന്നെയാണ്. നോക്കൂ… മിഠായിത്തെരുവിലെ മാരിയമ്മന്‍ കോവില്‍ ക്ഷേത്ര മുറ്റത്ത് വെച്ച് അവര്‍ വിളിച്ചു പറഞ്ഞത് ഒറ്റ മുസ്ലിം പള്ളിയും ഇവിടെ ഉണ്ടാവില്ലെന്നാണ്. ഒറ്റ മുസ്ലിമും ഇവിടെ ബാക്കിയുണ്ടാവില്ലെന്നാണ്. എന്ന് വെച്ചാല്‍ സുപ്രീം കോടതി വിധിയും പിണറായി വിജയന്റെ നിലപാടുമൊക്കെയാണ് പ്രശ്‌നമെങ്കിലും പ്രതിസ്ഥാനത്തേക്ക് മുസ്ലിംകളെ കൊണ്ടു വരികയാണ്. ഇതാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ എക്കാലത്തെയും മനോഭാവം.

ഇനി ഇവരെ എങ്ങിനെയാണ് നേരിടേണ്ടത്? അക്രമത്തിലൂടെ ഇക്കൂട്ടരെ ഇല്ലാതാക്കാന്‍ കഴിയുമോ? ആര്‍.എസ്.എസ്സിനെ കായികമായി പ്രതിരോധിച്ചു എന്ന് സി.പി.എം അവകാശപ്പെടുന്ന കണ്ണൂര്‍ ജില്ല മാത്രം എടുത്ത് പരിശോധിച്ചാല്‍ അത് ബോധ്യമാകും.

1982 ലാണ് ബിജെപി കേരളത്തില്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. അന്ന് കണ്ണൂര്‍ ജില്ലയിലെ പല മണ്ഡലത്തിലും അവര്‍ക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. അതില്‍ സിപിഎം കോട്ടകളായ തലശേരിയും കൂത്തുപറമ്പും പെടും. 1982 ല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് ബിജെപി ആകെ ഇരുപതിനായിരം വോട്ടാണ് നേടിയത്. എന്നാല്‍ അന്ന് കണ്ണൂര്‍ ജില്ലയില്‍ ആകെ നേടിയതിനേക്കാള്‍ അധികം വോട്ട് ബിജെപി ഇന്ന് തലശ്ശേരിയില്‍ മാത്രം നേടിയിട്ടുണ്ട്. കൂത്തുപറമ്പിലും കണ്ണൂര്‍ ജില്ലയിലെ മറ്റു പല മണ്ഡലങ്ങളിലും നേടിയിട്ടുണ്ട്.
1982 ല്‍ മല്‍സരിക്കാന്‍ പോലും ബിജെപിക്ക് ആളെക്കിട്ടാത്ത മണ്ഡലങ്ങളായിരുന്നു ഇത്.
ആ ബിജെപി 2016 ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് 162000 വോട്ട് നേടി.
1982 നേക്കാള്‍ എട്ടിരട്ടി വോട്ട്.
ആകെ പോള്‍ ചെയ്ത വോട്ടിന്റെ പത്തുശതമാനം. 82 ലെ മൂന്നു ശതമാനം വോട്ട് 2016 ലെത്തുമ്പോള്‍ പത്തു ശതമാനമായി വര്‍ദ്ധിച്ചു. ജില്ലയിലെ ആകെ വോട്ടുകളും മുഖ്യധാരാ മുന്നണികളുടെ വോട്ടുകളും ഇരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ ബിജെപി വോട്ടുകള്‍ എട്ടിരട്ടിയായി വര്‍ദ്ധിച്ചു.

ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിതി എന്താണ്. 2010 വരെ കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപി അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഗ്രാമ പഞ്ചായത്തുകളില്‍ ഇരുപതോളം അംഗങ്ങളായി. മുന്‍സിപ്പാലിറ്റികളിലും അത്ര തന്നെ അംഗങ്ങളുണ്ട്. വെറും അഞ്ചു വര്‍ഷം കൊണ്ടാണ് ഈ വര്‍ദ്ധനവ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആറെസ്സെസ് ശാഖകളുള്ള ജില്ലകളിലൊന്നാണ് കണ്ണൂര്‍. ആറെസ്സെസിന്റെ എല്ലാ പരിവാര്‍ സംഘടനകളും കണ്ണൂരില്‍ ശക്തിപ്പെട്ടു. സിപിഎമ്മിന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ല ആറെസ്സെസിന്റെയും ശക്തികേന്ദ്രമായി മാറി. സിപിഎമ്മിന്റെ ഉരുക്കുകോട്ട സംഘ്പരിവാറിന്റെയും ഉരുക്കുകോട്ടയായി മാറി. എന്നിട്ടും കേരളത്തില്‍ സിപിഎം വീമ്പിളക്കി നടക്കുന്നത് തങ്ങളാണ് ആറെസ്സെസിനെ പ്രതിരോധിക്കുന്നതെന്നാണ്.

സിപിഎം കൊട്ടിഘോഷിച്ച് നടക്കുന്ന പ്രതിരോധത്തിന്റെ യഥാര്‍ത്ഥ ചിത്രമാണിത്. ആറെസ്സെസ് അക്രമങ്ങളെ അതേ രീതിയില്‍ നേരിടുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് സിപിഎം പറയുന്നത്. ആ രീതി കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇവിടെ കണക്കുകള്‍ നിരത്തിയത്. ബി.ജെ.പിയെ കായികമായി നേരിടുക എന്ന സി.പി.എം നിലപാട് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ. അപ്പോഴാണ് എസ്.ഡി.പി.ഐക്കാര്‍ ആര്‍.എസ്.എസ്സിനെതിരെ നാലു കല്ലെറിഞ്ഞതൊക്കെ മഹാ സംഭവമായി പാടി നടക്കുന്നത്. കോമഡി എന്നല്ലാതെ എന്താണതിനെയൊക്കെ വിളിക്കേണ്ടത്.

അപ്പോള്‍ ആര്‍.എസ്.എസ്സിനെ അക്രമ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമോ. ഇല്ല. കാരണം സംഘ്പരിവാര്‍ ഹിംസ ഒരു പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഫാഷിസ്റ്റുകളാണ്. അക്രമം അഴിച്ചു വിടാനുള്ള ഒരവസരവും അവര്‍ പാഴാക്കിക്കളയില്ല. കണ്ണൂരിലും കേരളത്തിലും മാത്രമല്ല ഇന്ത്യയിലൊട്ടാകെയും അവര്‍ അത് തെളിയിച്ചിട്ടുണ്ട്. അവര്‍ അക്രമം നടത്തി കൊണ്ടിരിക്കുന്ന വാര്‍ത്ത ഈ നിമിഷത്തിലും ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളില്‍ നിന്നും നഗരത്തില്‍ നിന്നും നമുക്ക് കേള്‍ക്കാന്‍ കഴിയും. രണ്ടായിരവും മൂവ്വായിരവും അയ്യായിരവും ഒക്കെ മനുഷ്യരെ മൃഗതുല്യരായി കണക്കാക്കി കൊന്നൊടുക്കിയ ചരിത്രമുള്ളവരാണ് സംഘ്പരിവാര്‍ ശക്തികള്‍.

ജനങ്ങളുടെ കായികമായ പ്രതിരോധം കൊണ്ട് നേരിട്ട് ഇല്ലാതാക്കാന്‍ കഴിയുന്ന കേവല അക്രമിസംഘമല്ല ആര്‍.എസ്.എസ്. പകരം ഭരണകൂടം ശക്തമായി ഇടപെടണം. ആര്‍.എസ്.എസ് ഇതാ ആക്രമമുണ്ടാക്കുന്നു എന്ന് വിളിച്ചു പറയുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. 1001 പോലീസിന്റെ അകമ്പടിയുമായി നടക്കുന്ന പിണറായി വിജയനല്ല, തെരുവില്‍ നടക്കുന്ന സാധാരണ ജനങ്ങളാണ് ആര്‍.എസ്.എസ്സിന്റെ അക്രമങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പോലീസ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്നതിന് പകരം ശക്തമായ നടപടി സ്വീകരിക്കണം. പിന്നെ അവരുടെ നുണ പ്രചാരണങ്ങളെ തുറന്ന് കാട്ടാന്‍ കഴിയണം. എത്രയോ കാലമായി ശശികല ടീച്ചര്‍ പറഞ്ഞ് നടന്ന ക്ഷേത്ര വരുമാനം സംബന്ധിച്ച നുണ പൊളിച്ചടക്കിയത് വി.ഡി സതീശനാണ്. ആയിരം അക്രമങ്ങളേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ നിലപാടിന്. അങ്ങിനെ ഓരോ നുണകളും തകര്‍ക്കണം. സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം അവിശ്വാസമുണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ വിശ്വാസം ഉണ്ടാക്കണം. ശിഹാബ് തങ്ങളുടെയൊക്കെ നിലപാട് പ്രസക്തമാകുന്നത് ഇവിടെയാണ്.

അങ്ങിനെ ആത്യന്തികമായി അവരെ പരാജയപ്പെടുത്തുകയാണ് വേണ്ടത്. ബോംബ് പൊട്ടിത്തെറിക്കാതിരിക്കാന്‍ ആരെങ്കിലും അതിനെതിരെ ഓലപ്പടക്കം വലിച്ചെറിയാറുണ്ടോ? അതിനെ ഡിഫ്യൂസ് ചെയ്യുകയാണ് ശരിയായ രീതി. അതുപോലെ ആര്‍.എസ്.എസ്സിനെയും ഡിഫ്യൂസ് ചെയ്യുകയാണ് വേണ്ടത്. ജനാധിപത്യം മാത്രമാണ് അതിനുള്ള പോം വഴി.