സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാറിനും പാര്‍ട്ടി ന്യായീകരണ തൊഴിലാളികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഒരു വിധം ന്യായീകരിച്ചു വരികയായിരുന്നു, എല്ലാം ഖുദാ ഗവായെന്നാണ് ഫിറോസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
എന്തൊക്കെയായിരുന്നു
കുണ്ടന്നൂര്‍ പാലം
സബ് കോണ്‍ട്രാക്ട്
പി.ഡബ്ല്യു.ഡി മന്ത്രി…
ഒരു വിധം ന്യായീകരിച്ചു വരികയായിരുന്നു
എല്ലാം ഖുദാ ഗവാ…
പികെ ഫിറോസ് ഫെയ്സ്ബുക്കില്‍ പരിഹസിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തവരെ ക്രൂരമായ രീതിയിലാണ് പോലീസ് നേരിട്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്കിന് പുറമെ ഫെയ്സ് ഷീല്സും ഗ്ലൗസും അണിഞ്ഞാണ് യൂത്ത് ലീഗ് സമരത്തില്‍ അണി നിരന്നത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും സമരത്തെ അടിച്ചമര്‍ത്താനാണ് പിണറായിയുടെ പോലീസ് ശ്രമിച്ചത്. കൂടാതെ സമരത്തിനെതിരെ വലിയ രീതിയില്‍ കള്ളപ്രചരണവും സിപിഎം നടത്തിയിരുന്നു. ഇതിനിടെയാണ് ഫിറോസിന്റെ പോസ്റ്റ്.
അതേസമയം. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ശിവശങ്കറിനെ തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്. വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ ഏകദേശം രണ്ടുമണിക്കൂറോളമായി നീളുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്. ഇതിനിടെ ശിവശങ്കറിന് പ്രതികളുമായി ബന്ധമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഒന്നാം പ്രതി സരിത്തുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഫോണ്‍ രേഖകളും പുറത്തുവന്നിട്ടുണ്ട്. അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതായ സൂചനകളാണ് പുറത്തുവരുന്നത്.
ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റസ് കസ്റ്റഡിയിലേക്ക് നീങ്ങുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറും കൂടുതല്‍ പരുങ്ങലിലാവും.
സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കുട്ടികള്‍ക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് യു.എ.ഇ യില്‍ നിന്ന് പത്ത് ടണ്‍ ഈത്തപ്പഴം കൊണ്ടു വന്ന സംഭവവും അന്വേഷിക്കണമെന്നും കഴിഞ്ഞ ദിവസം പികെ ഫിറോസ് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷാണ് മുഖ്യ സംഘാടകയായ ഈ പരിപാടി മുഖ്യമന്ത്രിയാണ് പ്രഖ്യാപിച്ചതെന്നും കുട്ടികളെ ഈത്തപ്പഴം കഴിപ്പിക്കാനുള്ള സ്നേഹമാണോ അതോ അതിന്റെ മറവില്‍ കോണ്‍സുലേറ്റിനെ തെറ്റിദ്ധരിപ്പിച്ച് മറ്റെന്തെങ്കിലും ഇങ്ങോട്ട് കടത്തിയതാണോ എന്നതും ഗൗരവമായി അന്വേഷിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.