വഞ്ചിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നീതി നേടിക്കൊടുക്കും: പി കെ ഫിറോസ്

മര്‍ക്കസിന് മുന്നില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുന്ദമംഗലം മണ്ഡലം യൂത്ത്‌ലീഗ് നടത്തിയ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

കാരന്തൂര്‍: ഏത് ചില്ലുമേടയിലെ നേതാവായാലും മര്‍ക്കസിലെ വഞ്ചിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാകുന്നത് വരെ യൂത്ത്‌ലീഗും എം എസ് എഫും സമര രംഗത്തുണ്ടാകുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ലീഗ് നേതാക്കള്‍ക്കെതിരായ ചിലരുടെ പ്രസ്താവനയാണ് സമരത്തിന് കാരണമെന്ന വാദം അപഹാസ്യമാണ്. കാലത്തിന്റെ ചവറ്റുകൊട്ടയില്‍ പോലും ഇടം പിടിക്കാത്ത അത്തരം പ്രസ്താവനകള്‍ക്ക് മറുപടി പറയേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും ഫിറോസ് പറഞ്ഞു. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയറിയിച്ച് യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസും മാധ്യമങ്ങളും സമരത്തോട് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. കളവ് പറയരുതെന്നും വഞ്ചിക്കരുതെന്നും പഠിപ്പിക്കുന്നവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, എം എസ് എഫ് ജില്ലാ പ്രസിഡന്റ് സമദ് പെരുമണ്ണ, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് കെ മൂസ മൗലവി, ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട, യൂത്ത്‌ലീഗ് ദേശീയ സമിതി അംഗം യൂസുഫ് പടനിലം, ജില്ലാ യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് കെ.എം.എ റഷീദ്, സെക്രട്ടറി എ.കെ ഷൗക്കത്തലി, മണ്ഡലം മുസ്‌ലിംലീഗ് ഭാരവാഹികളായ കെ.പി കോയ, എ.ടി ബഷീര്‍, കബീര്‍ പെരുമണ്ണ, സമര സമിതി കണ്‍വീനര്‍ നൗഫല്‍, സി.ടി ഷെരീഫ്, വി.ഇ സിറാജുദ്ദീന്‍, ടി.പി.എം ജിഷാന്‍, മണ്ഡലം എം എസ് എഫ് പ്രസിഡന്റ് കെ.പി സൈഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി ഷാക്കിര്‍ കുറ്റിക്കടവ് പ്രസംഗിച്ചു. ട്രഷറര്‍ കെ ജാഫര്‍ സാദിക്ക് സ്വാഗതവും ഒ സലീം നന്ദിയും പറഞ്ഞു. യൂത്ത്‌ലീഗ് ഭാരവാഹികളായ ലത്തീഫ് മാസ്റ്റര്‍, ഷംസുദ്ധീന്‍ പി, നൗഷാദ് പുത്തൂര്‍മഠം, സല്‍മാന്‍ ഐ, എന്‍.എം യൂസുഫ്, ഷാഹുല്‍ പെരുമണ്ണ, ഉനൈസ് എ, ജംനാസ് കെ, ടി.പി.എം സാദിക്ക്, സലാം പി.പി, മുഹമ്മദ് കോയ കായലം , നിസാര്‍ എന്‍.ടി നേതൃത്വം നല്‍കി.