സന്നദ്ധ സേവനത്തിന് വിലക്ക്; കെ.ടി ജലീലിന് ഫിറോസിന്റെ മറുപടി

സന്നദ്ധ പ്രവർത്തകർക്കെതിരായ മന്ത്രി കെ.ടി ജലീലിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് കണ്ടു. തീരദേശത്ത് പട്ടിണിയിലായ ജനങ്ങൾക്ക് ഭക്ഷണമെത്തിച്ച് കൊടുത്തതിന്റെ പേരിൽ കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യുകയും മരുന്നുമായി പോയ രണ്ട് വൈറ്റ് ഗാർഡ് വളണ്ടിയർമാരെ പാനൂർ എസ്.ഐ തല്ലിച്ചതക്കുകയും മേലിൽ സർക്കാറിതര സന്നദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് മലപ്പുറം, വടകര എസ്.പിമാർ അറിയിക്കുകയും ചെയ്തിരുന്നു. ഇവർ പറഞ്ഞത് ഇതെല്ലാംസർക്കാർ നിർദ്ദേശപ്രകാരമാണെന്നാണ്.

ഇതിന്റെയെല്ലാം പിറകിൽ കെ.ടി ജലീലിന്റെ ‘ഈഗോ’ ആണെന്ന് പലരും പറഞ്ഞിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ല. ഇതു പോലൊരു സമയത്ത് ഇത്തരം മനുഷ്യത്വ രഹിതമായ ഒരു പ്രവർത്തനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് വിശ്വസിച്ചിരുന്നു. എന്നാലിപ്പോൾ അദ്ദേഹത്തിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് കണ്ടതോടെ എല്ലാം വ്യക്തമായി. ഇതു പോലൊരു അൽപനായ മന്ത്രിയെ തന്റെ 20 വർഷത്തെ മാധ്യമ പ്രവർത്തിനിടയിൽ കണ്ടിട്ടില്ലെന്ന പ്രമുഖ മാധ്യമ പ്രവർത്തകന്റെ വാക്കുകൾ ഓർത്തു പോകുകയാണ്.

കൊണ്ടോട്ടിയിൽ നിന്ന് ഏതോ ഒരാൾ അദ്ദേഹത്തെ വിളിച്ചുവെന്നും പ്രത്യേക കുപ്പായമിട്ട ചിലർ വന്ന് ഭക്ഷണപ്പൊതി തന്ന് നക്കിക്കോ എന്ന് പറഞ്ഞു എന്നുമാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്. അത് ഏത് കുപ്പായമിട്ടവരാണെന്ന് അദ്ദേഹം വ്യക്തമാക്കണം. വൈറ്റ് ഗാർഡ് വളണ്ടിയർമാരല്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. മുസ്‌ലിം ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് രാഷ്ട്രീയ എതിരാളികൾ പോലും അത്തരമൊരാപണം ഉന്നയിക്കില്ല. അവരാരാണെന്ന് തുറന്ന് പറയാനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകണം. ഇന്നോവ കാർ വീട്ടുമുറ്റത്ത് വന്ന് തിരിയുമെന്ന പേടികൊണ്ടാണെങ്കിൽ അതും തുറന്ന് പറയണം.

ഏതെങ്കിലും പ്രത്യേക കുപ്പായമിട്ടവരെ കൊറോണ പിടി കൂടില്ല എന്ന വിദ്യയുണ്ടോ എന്നാണ് മന്ത്രിയുടെ യമണ്ടൻ ചോദ്യം. വൈറ്റ് ഗാർഡിന് യൂണിഫോം ധരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. അത്യാവശ്യത്തിനുള്ള മരുന്ന് എത്തിച്ചു കൊടുക്കാൻ പോകുന്നവർക്ക് പോലീസ് പാസ് നൽകാത്തത് കൊണ്ടാണ് തിരിച്ചറിയലിനുള്ള ഒരടയാളം എന്ന നിലക്ക് പിസ്ത കളറിലുള്ള, ചെറിയ അക്ഷരത്തിൽ WG എന്ന് മാത്രം രേഖപെടുത്തിയ യൂണിഫോം ധരിക്കുന്നത്. പാസ് അനുവദിച്ചാൽ യൂണിഫോം ഒഴിവാക്കാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. ഞങ്ങൾക്ക് ഒറ്റ കാര്യത്തിലേ നിർബന്ധമുള്ളൂ. ജനങ്ങൾക്ക് അത്യാവശ്യമായി ലഭിക്കേണ്ട മരുന്ന് കിട്ടാതെ ബുദ്ധിമുട്ടരുത്. അതിന് എന്ത് വിട്ടുവീഴ്ചക്കും ഞങ്ങൾ തയ്യാറാണ്.

സി.എച്ച് സെന്ററിന്റെ നൂറു കണക്കിന് ആംബുലൻസുകൾ കൈമാറിയതിനെ കുറിച്ച് അങ്ങ് പറഞ്ഞല്ലോ. ആംബുലൻസിന്റെ മുകളിൽ എഴുതിയ സി.എച്ച് സെന്ററും ശിഹാബ് തങ്ങളുടെ ഫോട്ടോയും അങ്ങ് ഇടപെട്ട് മായ്ച്ചു കളയുമോ? യൂണിഫോം കണ്ട് അസഹിഷ്ണുത വരുന്ന താങ്കൾ ഇത് കണ്ട് എങ്ങിനെയാണ് സഹിക്കുന്നത്.

അത് കൊണ്ട് മുഖ്യമന്ത്രിയോടും സർക്കാറിനോടും അഭ്യർത്ഥിക്കുകയാണ്. രാഷ്ട്രീയ വൈരം തീർക്കാൻ മറ്റനേകം സമയമുണ്ട്. ഈ അവസരത്തിൽ അത് മാറ്റി വെക്കണം. നിത്യ രോഗികളെ വെച്ച് രാഷ്ട്രീയക്കളി നടത്തരുത്. ആയിരക്കണക്കിന് രോഗികളുടെ കണ്ണീർ തുടക്കാൻ കോടികൾ ചെലവിട്ട് നടത്തുന്ന പി.ആർ വർക്ക് മതിയാവില്ല എന്ന് മനസ്സിലാക്കണം.

മന്ത്രി ജലീലിനോട് അവസാനമായി ഒരു വാക്ക്. ഞങ്ങൾ കുപ്പായമഴിച്ച് വെക്കാം. പക്ഷേ കുപ്പായമിട്ടവരെ പറ്റി പറഞ്ഞ് നിങ്ങൾ കുപ്പത്തൊട്ടിയിൽ സ്ഥാനം പിടിക്കരുത്.