ഈ കുരുന്നുകളുടെ ശാപമെല്ലാം നിങ്ങള്‍ എവിടെയാണ് കൊണ്ടുപോയി കഴുകിക്കളയുക: പി.കെ ഫിറോസ്

കോഴിക്കോട്: പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന് ജാമ്യം കിട്ടിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കെതിരെയുള്ള പീഡനമായിട്ടും പോക്‌സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ലെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. ഈ കേസിലും നീതി ലഭിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. അഭ്യന്തര മന്ത്രി പിണറായി വിജയന്റെ ജില്ലയിലാണിത്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?

എടപ്പാളിലെ തിയേറ്ററിൽ ബാലികയെ പീഢിപ്പിച്ച സംഭവം ഓർമ്മയില്ലേ? വിവരം ചൈൽഡ് ലൈനെ അറിയിച്ച തിയേറ്റർ ഉടമക്കെതിരെയായിരുന്നു പിണറായിയുടെ പോലീസ് കേസെടുത്തത്.

പിന്നീട് വാളയാറിലെ രണ്ട് കുട്ടികൾക്കും നീതി കിട്ടിയില്ല. ആദ്യത്തെ കുട്ടി പീഢനത്തിന് വിധേയയായി മരണത്തിന് കീഴടങ്ങിയപ്പോഴും പിണറായിയുടെ പോലീസ് അനങ്ങിയിരുന്നില്ല. രണ്ടാമത്തെ കുട്ടിയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോൾ മാത്രമാണ് കേസെടുത്തത്. എന്നിട്ടും പ്രതികൾ കേസിൽ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടു.

പോലീസ് അവരെ സഹായിച്ചു എന്ന് പറയുന്നതാണ് ശരി.ഒരു പോലീസുകാരനെതിരെയും നടപടി ഉണ്ടായില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികൾ കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് പറഞ്ഞ പോലീസുദ്യോഗസ്ഥൻ പോലും ഇപ്പോഴും സർവ്വീസിൽ ഞെളിഞ്ഞിരിക്കുന്നു.ഇപ്പോഴിതാ പാലത്തായി കേസിലും പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് വഴിയൊരുക്കിയിരിക്കുന്നു.

നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കെതിരെയുള്ള പീഢനമായിട്ടും പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാൻ പോകുന്നില്ല.ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. അഭ്യന്തര മന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

ശൈലജ ടീച്ചറോടും പിണറായി വിജയനോടും ഒരു കാര്യം ചോദിച്ചോട്ടെ…നിങ്ങളുടെ വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ നിങ്ങൾ സ്വീകരിക്കുക? ഈ കുരുന്നുകളുടെ ശാപമൊക്കെ നിങ്ങൾ എവിടെയാണ് കൊണ്ടു പോയി കഴുകിക്കളയുക!!