‘ഈശ്വര വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി ഈശ്വരനേയില്ലെന്ന് പറയുന്ന നിരീശ്വര വാദികളെ എന്ന് മുതലാണ് അറസ്റ്റ് ചെയ്ത് തുടങ്ങുന്നത്?അറിയാന്‍ താല്‍പ്പര്യമുണ്ട് സര്‍’; പി.കെ ഫിറോസ്

ലഘുലേഖ വിതരണം ചെയ്തതിന് മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഏകദൈവ വിശ്വാസമാണ് ശരി എന്ന് പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും അത് വിഭാഗീയതയുണ്ടാക്കുമെന്നുമാണ് അറസ്റ്റ് ചെയ്ത സംഭവത്തിലെ കണ്ടുപിടിത്തം. അങ്ങിനെയെങ്കില്‍ ഈശ്വര വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി ഈശ്വരനേയില്ലെന്ന് പറയുന്ന നിരീശ്വര വാദികളെ എന്ന് മുതലാണ് അറസ്റ്റ് ചെയ്ത് തുടങ്ങുന്നത്?അറിയാന്‍ താല്‍പ്പര്യമുണ്ട് സര്‍-പി.കെ ഫിറോസ് ചോദിക്കുന്നു. ഫേസ്ബുക്കിലാണ് ഇന്നലെ നടന്ന സംഭവത്തില്‍ പി.കെ ഫിറോസിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ബഹുദൈവാരാധന പാപമാണെന്നും അവര്‍ക്ക് പരലോകത്ത് നരക ശിക്ഷ ലഭിക്കുമെന്നും അപ്പോള്‍ അവര്‍ പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങളൊന്നും അവരെ രക്ഷിക്കാന്‍ വരില്ല എന്നുമെഴുതിയ ലഘു ലേഘ വിതരണം ചെയ്തതാണ് (ജന്മഭൂമി വാര്‍ത്ത) ഇന്നലെ അറസ്റ്റിലായ വിസ്ഡം ഗ്ലോബല്‍ മിഷന്‍ പ്രവര്‍ത്തകര്‍ ചെയ്ത തെറ്റ്. അതായത് ഏകദൈവ വിശ്വാസമാണ് ശരി എന്ന് പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും അത് വിഭാഗീയതയുണ്ടാക്കുമെന്നുമാണ് കണ്ടുപിടുത്തം.

അങ്ങിനെയെങ്കില്‍ ഈശ്വര വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി ഈശ്വരനേയില്ലെന്ന് പറയുന്ന നിരീശ്വര വാദികളെ എന്ന് മുതലാണ് അറസ്റ്റ് ചെയ്ത് തുടങ്ങുന്നത്? ദൈവമില്ലെന്നും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളെ എന്ന് മുതലാണ് തുറുങ്കിലടക്കുന്നത്? മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നവരുടെ കേരള സുപ്രീമോ ശ്രീ പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയാണോ അതോ അദ്ധേഹം സ്വമേധയാ ജയിലില്‍ പോയി കിടക്കുകയാണോ ചെയ്യുക?
അറിയാന്‍ താല്‍പ്പര്യമുണ്ട് സര്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്.