മന്ത്രി എ.കെ ബാലന്‍ അനധികൃത നിയമനം നടത്തി: അഴിമതിയാരോപണവുമായി പി.കെ ഫിറോസ്

കോഴിക്കോട്: സര്‍ക്കാറിനെതിരെ വീണ്ടും അഴിമതിയാരോപണവുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി എ.കെ ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം മതിയായ യോഗ്യതയില്ലാത്ത നാലുപേരെ പട്ടികജാതി-വര്‍ഗ വകുപ്പിന് കീഴില്‍ കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്തിയെന്ന് ഫിറോസ് ആരോപിച്ചു.

എ.കെ ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായ എ.എന്‍ മണിഭൂഷണ്‍ അടക്കം നാലുപേരെയാണ് അനധികൃതമായി നിയമിച്ചത്. മണിഭൂഷന്റെ നിയമനം പുറത്തുവരാതിരിക്കാനാണ് മറ്റുള്ളവരെ നിയമിച്ചത്. എംഫില്‍, പി.എച്ച്.ഡി യോഗ്യതയുള്ളവരെ നിയമിക്കേണ്ട പോസ്റ്റിലാണ് എം.എ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവരെ നിയമിച്ചതെന്നും ഫിറോസ് പറഞ്ഞു.

കിര്‍ത്താഡ്‌സിലെ താല്‍ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു മേനോന്‍, മിനി പി.വി, സജിത് കുമാര്‍ എസ്.വി എന്നിവരെ മന്ത്രി മാനദണ്ഡങ്ങള്‍ മറികടന്നാണ് നിയമിച്ചതെന്ന് ഫിറോസ് പറഞ്ഞു. വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്ന് ചട്ടം 39 പ്രകാരമാണ് ഇവരെ നിയമിച്ചത്.

അടിയന്തരഘട്ടത്തില്‍ മാത്രമാണ് ചട്ടം 39 ഉപയോഗിച്ച് നിയമനം നടത്താറുള്ളത്. നേരത്തെ നിപ സമയത്ത് മരിച്ച ലിനിയുടെ ഭര്‍ത്താവ് ലിനീഷ്, ഓടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന, വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ഈ ചട്ടപ്രകാരം ജോലി നല്‍കിയത്.

SHARE