രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം: എ.പി അനില്‍ കുമാറിനെ വെല്ലുവിളിച്ച് പി.കെ ബഷീര്‍ എം.എല്‍.എ

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ഏറനാടിനോട് മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന് വണ്ടൂര്‍ എം.എല്‍.എ എ.പി അനില്‍ കുമാറിന് പി.കെ ബഷീര്‍ എം.എല്‍.എയുടെ വെല്ലുവിളി. വണ്ടൂര്‍ നിയമസഭാ മണ്ഡലം കണ്‍വന്‍ഷനായിരുന്നു വേദി. വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലാണ് യു.ഡി.എഫ് കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.

ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന മണ്ഡലത്തിലെ യു.ഡി.എഫ് എം.എല്‍.എക്ക് താന്‍ വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കുമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി നാളെയാണ് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം എത്തുമെന്നാണ് റിപ്പോര്‍ട്ട്.

SHARE