പാണക്കാട് തങ്ങളെ ആശീര്‍വാദത്തോടെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബശീറും സ്ഥാനാര്‍ത്ഥി പര്യടനത്തിന്


മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബശീറും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

ഇന്നലെ പാണക്കാട്ടെത്തിയ ഇരുവരും തങ്ങളുടെ ആശീര്‍വാദവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ശേഷം പാണക്കാട് പൂക്കോയ തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഖബര്‍ സിയാറത്ത് നടത്തി. തുടര്‍ന്ന് കോട്ടക്കല്‍ വ്യാപാര ഭവനില്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് ഘടകക്ഷി പ്രധാന നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തു.

മണ്ഡലത്തിലെ പര്യടനത്തിന്റെയും പ്രചാരണ പരിപാടികളുടെയും കര്‍മ പദ്ധതികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ യു.ഡി .എഫ് നേതാക്കള്‍ പങ്കെടുത്തു. വൈകുന്നേരം നാല് മണിക്ക് തിരൂരില്‍ റോഡ്ഷോയില്‍ പങ്കെടുത്ത ഇ.ടി മുഹമ്മദ് ബശീറിന് മണ്ഡലത്തില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്. വൈകീട്ട് ഏഴിന് തിരൂരങ്ങാടി മുനിസിപ്പല്‍ യു.ഡി.എഫ് കണ്‍വന്‍ഷനിലും ഇ.ടി പങ്കെടുത്തു.