19കാരന്‍ പിസ ഡെലിവറി ബോയിക്ക് കോവിഡ്; ദക്ഷിണ ഡല്‍ഹിയില്‍ 72 വീടുകള്‍ ക്വാറന്റൈനില്‍

ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ 19കാരനായ പിസ ഡെലിവറി ബോയിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇയാള്‍ ഭക്ഷണം എത്തിച്ചു എന്ന് കരുതപ്പെടുന്ന 72 വീടുകളിലെ താമസക്കാരെ ക്വാറന്റൈനിലാക്കി. മാള്‍വിയ നഗറിലെ പിസ വില്‍പ്പന ശൃഖലയിലെ ജീവനക്കാരനാണ് കോവിഡ് വാധിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ബി.എം മിശ്ര അറിയിച്ചു.

കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെ സഹപ്രവര്‍ത്തകരായ 16 പേരെയും ഉടനടി ക്വാറന്റൈന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം ഏതെല്ലാം വീടുകളിലേക്കാണ് പിസ വിതരണം ചെയ്തതെന്ന് പരിശോധിച്ചു. ഔട്ട്‌ലെറ്റില്‍ നിന്ന് 72 വീടുകളിലേക്ക് പിസ നല്‍കിയതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഈ വീട്ടുകാരോട് സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജനം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. സമ്പര്‍ക്കം ഉണ്ടായെന്ന സംശയമുള്ളതിനാല്‍ എല്ലാവരും മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ ഡെലിവറി സ്റ്റാഫും മാസ്‌കുകള്‍ ധരിക്കണമെന്നും മറ്റു സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

SHARE