പിറവം പള്ളിയില്‍ ഗേറ്റ്മുറിച്ച് കടന്ന് പൊലീസ്; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കി

കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിയുടെ പ്രധാന ഗേറ്റ് മുറിച്ചുമാറ്റിയാണ് പോലീസ് പള്ളിക്ക് അകത്തു കയറിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് പിറവം പള്ളിയിലെത്തിയത്.

പള്ളിയില്‍ നിന്നും സ്വയം ഇറങ്ങില്ലെന്നും അറസ്റ്റ് ചെയ്യട്ടെയെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടര്‍ യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.ഇതില്‍ കോടതി വിധി നടപ്പാക്കണമെന്ന് കളക്ടര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെത്രാപ്പോലീത്തമാര്‍ സ്വയം അറസ്റ്റ് വരിച്ച് പോലീസ് വാഹനത്തില്‍ കയറി. എന്നാല്‍ വിശ്വാസികള്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാത്തതിന് പിന്നാലെ അവരെയും അറസ്റ്റ് ചെയ്തു നീക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവ് നടപ്പാക്കി ഉച്ചക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഈ അടിസ്ഥാനത്തിലാണ് പോലീസ് പള്ളിക്ക് അകത്തു പ്രവേശിച്ചത്. വന്‍ പോലീസ് സന്നാഹം പിറവം പള്ളി വളപ്പിലുള്ളത്.

SHARE