മലയാള മിഷന്‍ ഡയറക്ടറെ അപമാനിച്ച് മുഖ്യമന്ത്രി; സ്വാഗത പ്രസംഗം തടഞ്ഞ് മുഖ്യമന്ത്രിയുടെ ഉദ്ഘാടനം

തിരുവനന്തപുരം: സ്വാഗതപ്രസംഗം നടത്തുന്നത് തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനം. മലയാളം മിഷന്റെ മലയാള ഭാഷാ പ്രതിഭ പുരസ്‌കാര സമര്‍പ്പണ ചടങ്ങിലാണ് സംഭവം. അയ്യങ്കാളി ഹാളില്‍ പ്രവാസി മലയാളികളുള്‍പ്പെടെ തിങ്ങി നിറഞ്ഞ സദസ്സിലായിരുന്നു മുഖ്യമന്ത്രിയുടെ നടപടി.

വെള്ളിയാഴ്ച രണ്ടിനായിരുന്നു പരിപാടി. പരിപാടിക്ക് മന്ത്രി കടകംപള്ളി സുരന്ദ്രനടക്കമുള്ളവര്‍ നേരത്തേ എത്തിയിരുന്നു. പരിപാടികള്‍ക്ക് സമയത്തുവരാറുള്ള മുഖ്യമന്ത്രി ഒരുമണിക്കൂര്‍ വൈകി മൂന്നിനാണ് എത്തിയത്. മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ജോര്‍ജ് സ്വാഗതപ്രസംഗം തുടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി എഴുന്നേറ്റതോടെ വേദിയിലും സദസ്സിലുമുള്ളവര്‍ അമ്പരന്നു. തുടര്‍ന്ന് മൈക്കിനടുത്തൈത്തി മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു.

മുഖ്യമന്ത്രി എഴുന്നേറ്റതോടെ അധ്യക്ഷന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രൊഫ. വി.എന്‍. മുരളിയും വേദിയിലിരുന്നവരും ഒപ്പം എഴുന്നേറ്റു. മുഖ്യമന്ത്രി മൈക്ക്സ്റ്റാന്‍ഡിനടുത്തേക്ക് വരുന്നതുകണ്ട് അമ്പരന്ന സുജ മാറിനിന്നു. ”സ്വാഗതം പിന്നീട് പറയാം. സ്വാഗതത്തില്‍ സ്വാഭാവികമായും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. മൂന്നുമണിക്ക് വേറെ പരിപാടിയുണ്ട്. പോകണ്ട തിരക്കുണ്ട്. മറ്റുവഴിയില്ല”-മുഖ്യമന്ത്രി പറഞ്ഞു. മിഷന്റെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചും അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുമാണ് പിന്നീട് പ്രസംഗം നിര്‍ത്തിയത്.

റേഡിയോ മലയാളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം ഭാഷാസാങ്കേതികവിദ്യാ മികവിനുള്ള പുരസ്‌കാരം ഐഫോസിസ് ഡയറകടര്‍ പി.എം. ശശിക്ക് സമ്മാനിച്ചു. മികച്ച അധ്യാപകര്‍ക്കും ലോക കേരളസഭയുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കും സമ്മാനംനല്‍കിയാണ് മുഖ്യമന്ത്രി വേദിവിട്ടത്. മുഖ്യമന്ത്രി മടങ്ങിയതോടെ സ്വാഗതപ്രസംഗം തുടര്‍ന്നു.

SHARE