പൊലീസില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമാക്കുന്ന സി.എ.ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി അധികാരമേറ്റത് മുതല്‍ തന്നിഷ്ടപ്രകാരമാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം പല തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയാണ്. അപ്പോഴെല്ലാം വ്യക്തതയില്ലാത്ത മറുപടിയും സൈബര്‍ പോരാളികളുടെ പിണറായി സ്തുതിയും കൊണ്ടാണ് ഭരണപക്ഷം അതിനെ മറികടക്കാറുള്ളത്. എന്നാല്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ വന്‍ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിലെ അഴിമതി സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തതും മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സി.പി.എം പ്രവര്‍ത്തകരായ അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയതും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ ഘട്ടത്തില്‍ തന്നെയാണ് സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവരുന്നത്. അലനും താഹക്കുമെതിരെ എന്തിനാണ് യു.എ.പി.എ ചുമത്തിയതെന്ന് വ്യക്തമാക്കാന്‍ ഇതുവരെ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ കേസ് എന്‍.ഐ.എക്ക് വിട്ടത് ആരാണ് എന്ന കാര്യത്തിലും ഇതുവരെ വ്യക്തതവരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

പൊലീസില്‍ നടന്ന വന്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡി.ജി.പിയെ മാറ്റണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

SHARE