പിണറായി ഭരണത്തില്‍ ജയിലുകള്‍ നിയന്ത്രിക്കുന്നത് സി.പി.എം ഗുണ്ടകള്‍

ഫൈസല്‍ മാടായി
കണ്ണൂര്‍

സംസ്ഥാനത്തെ ജയിലുകളില്‍ സി.പി.എം സെല്‍ ഭരണം അവസാനിച്ചില്ലെന്ന സൂചന നല്‍കി സെല്ലുകളില്‍ ഇപ്പോഴും പാര്‍ട്ടി ഗുണ്ടകള്‍ വാഴുന്നു. കണ്ണൂര്‍ സെന്‍്ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരന് നേരെ നടന്നത് ക്രൂര മര്‍ദ്ദനം. മറ്റ് പാര്‍ട്ടികളില്‍ പെട്ടവര്‍ക്ക് തടവറകളിലും രക്ഷയില്ലെന്ന രീതിയിലാണ് സി.പി.എം ഗുണ്ടകള്‍ ജയിലുകള്‍ വാഴുന്നത്. റിമാന്റ് തടവുകാരനായി കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ മുസ്്‌ലിംലീഗ് പ്രവര്‍ത്തകനാണ് സി.പി.എം പ്രവര്‍ത്തകരുടെ ക്രൂരതക്കിരയായത്. നടുവില്‍ മേഖലയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അന്യായമായി കേസ് ചുമത്തി അറസ്റ്റിലായ നടുവില്‍ സ്വദേശി ചേളന്റകത്ത് മുഹമ്മദാ(45)ണ് മര്‍ദ്ദനത്തിനിരയായത്.

റിമാന്റ് ചെയ്ത് സബ്ജയിലിലേക്ക് അയച്ച മുഹമ്മദിന് ആസ്ത്മയും ശ്വാസം മുട്ടലുള്‍പ്പെടെ ശാരീരിക അസ്വസ്ഥതയുള്ളതിനാല്‍ ചികിത്സ സൗകര്യം മുന്‍നിറുത്തി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ രോഗികളെ പാര്‍പ്പിക്കേണ്ട സെല്ലിന് പകരം രാഷ്ട്രീയ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പാര്‍പ്പിച്ച സെല്ലുകളിലാണ് പാര്‍പ്പിച്ചത്. നിലവില്‍ പത്താം ബ്ലോക്കിലാണ് രോഗികളായ തടവുകാരെ പാര്‍പ്പിക്കുന്നത്. ഇവിടെ പാര്‍പ്പിക്കുന്നതിന് പകരം മുഹമ്മദിനെ എത്തിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രതികളെ പാര്‍പ്പിച്ച രണ്ടാം ബ്ലോക്കിലാണ്.

ഇവിടെ എത്തിയ ഉടനെയായിരുന്നു മുഹമ്മദിന് നേരെ ആക്രമണം. ‘നീ നടുവിലില്‍ നിന്ന് വരുന്നവനല്ലെടാ.. സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചത് താനും കൂടി ചേര്‍ന്നല്ലെടാ’ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ആക്രമണം. നഖം കൊണ്ട് മാന്തിയും കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് താടിരോമങ്ങള്‍ പിഴുതെടുക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ നടത്തി ക്രൂരമായാണ് മര്‍ദ്ദിച്ചതെന്ന് ജയിലിലെത്തിയ യു.ഡി.എഫ് നേതാക്കളോട് മുഹമ്മദ് പറഞ്ഞു. കൈവളയും കഴുത്തില്‍ ചരടും ചെയിനും കെട്ടിയ സംഘമാണ് മര്‍ദ്ദിച്ചത്.

രോഗിയായ തടവുകാരന് നേരെ നടന്ന സി.പി.എം ഗുണ്ടാ ആക്രമണത്തെ കുറിച്ച്് യു.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പൊലീസും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും അറിഞ്ഞു കൊണ്ടുള്ള ആക്രമമാണിതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഹമ്മദ് പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടതിനെ തുടര്‍ന്ന് മുഹമ്മദിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി. മുസ്്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, മുന്‍ മന്ത്രി കെ.സി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മുഹമ്മദിനെ ജയിലില്‍ സന്ദര്‍ശിച്ചത്.

മരണത്തെ മുന്നില്‍ കണ്ടെന്ന് മുഹമ്മദ്

ഇവിടെ നിന്ന് ജീവനോടെ പുറത്ത് പോകാനാകില്ലെന്ന് തന്നെയാണ് ഞാന്‍ കരുതിയതെന്ന് ജയിലിലെ ആക്രമണത്തെ കുറിച്ച് മുഹമ്മദ് നേതാക്കളോട് പറഞ്ഞു. ക്രൂരമായിരുന്നു ഭീഷണി മുഴക്കി കൊണ്ടുള്ള ആക്രമണം’. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു കുറെ നേരം. ഇവിടെ നിന്ന് തന്റെ മയ്യിത്തായിരിക്കും പുറത്ത് കൊണ്ടുപോകുകയെന്ന് ഞാന്‍ ചിന്തിച്ച് പോയിരുന്നു. നീ നടുവിലില്‍ നിന്ന് വരുന്നതല്ലേയെന്ന ആക്രോശത്തോടെ നഖം കൊണ്ട് മാന്തിയും കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് താടിരോമങ്ങള്‍ പിഴുതെടുക്കാനുള്ള ശ്രമവും നടന്നു. വല്ലാത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും മുഹമ്മദ് പറഞ്ഞു.

SHARE