പന്തീരാങ്കാവ് യു.എ.പി.എ: അലനും താഹയും വിശുദ്ധരാണെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. അവരെന്തോ പരിശുദ്ധന്‍മാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തില്‍ ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യു.എ.പി.എ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, പക്ഷേ അങ്ങനെ പറയാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.പി.എക്ക് സര്‍ക്കാര്‍ എതിരാണ്. പക്ഷേ യു.എ.പി.എ ചുമത്തിയ കേസുകള്‍ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. യു.എ.പി.എ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത് പോലുള്ള നടപടി എവിടെയും കേട്ടുകേള്‍വിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത പലതും നടക്കുന്നതുകൊണ്ട് അങ്ങനെയൊരു കാര്യം നടക്കാന്‍ ഇപ്പോള്‍ സാധ്യതയുണ്ടോ എന്നറിയില്ല. നിയമസഭയ്ക്ക് നിയമസഭയുടേതായ അധികാരങ്ങളുണ്ട്. നിസ്സഹായമായി നിന്നുകൊടുക്കാന്‍ സാധിക്കില്ല. പ്രമേയത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ സമവായമില്ലാത്തതിനാലാണ് ഓര്‍ഡിനന്‍സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു വിഭാഗം ചര്‍ച്ചയ്ക്ക് തയ്യാറായില്ല. ഓര്‍ഡിനന്‍സ് പ്രകാരം ഇടവകയിലെ കുടുംബക്കല്ലറകളില്‍ സംസ്‌കാരം നടത്താം. താല്‍പര്യമുള്ള പുരോഹിതനെക്കൊണ്ട് മറ്റിടങ്ങളില്‍ ശുശ്രൂഷയാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

SHARE