പ്രവാസികള്‍ക്ക് നല്‍കാന്‍ പണമില്ല; പിണറായിയുടെ ‘മന്‍ കി ബാത്തി’ന് ചെലവിടാന്‍ കോടികള്‍

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പ്രതിച്ഛായ മിനുക്കാന്‍ വന്‍ ധൂര്‍ത്ത് തുടര്‍ന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റ നിര്‍മാണത്തിനാണ് സര്‍ക്കാര്‍ കോവിഡ് കാലത്തും കോടികള്‍ ചെലവഴിക്കുന്നത്. പരിപാടിക്കായി 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 5.26 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ ഒരു സ്വകാര്യ ചാനലിനെ കൂടി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതുവഴി മാത്രം 41 ലക്ഷത്തിലേറെ രൂപ അധിക ചെലവ് വരും.

വിദേശത്ത് നിന്നെത്തുന്ന പ്രവാസികള്‍ ക്വാറന്റീന് സ്വയം ചെലവ് വഹിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച ദിവസം തന്നെയാണ്, നാം മുന്നോട്ട് പരിപാടിയുടെ എപ്പിസോഡുകള്‍ തയ്യാറാക്കുന്നതിനും തെരഞ്ഞെടുത്ത ചാനലുകളില്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിനും പുതിയ സാമ്പത്തിക വര്‍ഷം കോടികള്‍ ചെലവഴിക്കാന്‍ അനുമതി നല്‍കി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തില്‍ പരിപാടി ഒഴിവാക്കി ധൂര്‍ത്തും അനാവശ്യ ചെലവും കുറയ്ക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അവഗണിച്ചാണ് സര്‍ക്കാര്‍ ധൂര്‍ത്തുമായി മുന്നോട്ട് പോവുന്നത്.

അരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള പരിപാടിയുടെ ഒരു എപ്പിസോഡ് തയ്യാറാക്കാന്‍ മാത്രം 2.32 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെ യാത്ര, താമസം എന്നിവ ഉള്‍പ്പെടെ ചെലവ് 1.18 കോടി രൂപ. പരിപാടിയുടെ സംപ്രേക്ഷണത്തിനായാണ് ബാക്കി തുക. ദൂരദര്‍ശനിലടക്കം പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് ഖജനാവില്‍ നിന്ന് അനുവദിച്ചിരിക്കുന്നത് 4.25 കോടി രൂപ. തുടക്കത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റായിരുന്നു പരിപാടി നിര്‍മിച്ചിരുന്നത്. പിന്നീട് നിര്‍മാണ ചുമതല പാര്‍ട്ടി ചാനലായ കൈരളിക്ക് നല്‍കി. ഇതുവഴി കൈരളിക്ക് മാത്രം കോടികളാണ് സര്‍ക്കാര്‍ നല്‍കുന്നത്. പരിപാടി സംപ്രേക്ഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇപ്പോള്‍ കോടികളുടെ മാമാങ്കമാക്കി മാറ്റിയത്. 2017 ഡിസംബറിലാണ് പരിപാടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

നിലവില്‍ പത്തിലേറെ ചാനലുകളിലാണ്‌ ്രൈപം ടൈമില്‍ പരിപാടിയുടെ സംപ്രേക്ഷണം. ഈ സാമ്പത്തിക വര്‍ഷം മുതല്‍ അമൃത ടിവിയെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഒരു എപ്പിസോഡിന് എണ്‍പതിനായിരത്തിലേറെ രൂപയാണ് ചാനലിന് സര്‍ക്കാര്‍ നല്‍കേണ്ടത്. പൊതുജനങ്ങളെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടി സംസ്ഥാനത്ത് നടപ്പാക്കുന്ന വിവികസന പദ്ധതികളുടെ ആസൂത്രണത്തില്‍ ഒട്ടേറെ ക്രിയാത്മക സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് മോദിയുടെ മന്‍ കി ബാത്ത് മാതൃകയിലുള്ള പരിപാടിക്ക് കോടികള്‍ ചെലവാക്കുന്നതിന് സര്‍ക്കാര്‍ ന്യായീകരണം. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും പ്രസ്തുത പരിപാടിക്കായി സര്‍ക്കാര്‍ പത്തു കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. 201819 സാമ്പത്തിക വര്‍ഷം തുകയുടെ വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് പോലും നടത്തിയിരുന്നില്ല.

SHARE