ഭരണഘടനാ സ്വപ്നങ്ങളും സമീപകാല യാഥാര്‍ത്ഥ്യവും

പിണറായി വിജയന്‍
മുഖ്യമന്ത്രി

ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തില്‍ നിര്‍ണായക പങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. ഇരുന്നൂറു വര്‍ഷക്കാലം നമ്മെ ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്നും മോചനം കിട്ടിയശേഷം സമ്പുഷ്ടമായ ചര്‍ച്ചകളും ആശയവിനിമയവും നമ്മുടെ ഭരണഘടനാ നിര്‍മാണസഭയില്‍ നടന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടന രൂപീകൃതമായ ഫിലാഡെല്‍ഫിയ കണ്‍വെന്‍ഷനുശേഷം ലോക ചരിത്രത്തില്‍ അടയാളപ്പെട്ട ഒന്നാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചകള്‍.

സ്വാതന്ത്ര്യസമരത്തില്‍ അന്തര്‍ലീനമായ രാഷ്ട്രീയ അവബോധം, ജനാധിപത്യ സംസ്‌കാരം, സാമ്പത്തിക കൈയേറ്റങ്ങള്‍ക്കെതിരായ വികാരം എന്നിവയെല്ലാം പല രീതിയിലും പല തോതിലും ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ഉയര്‍ന്നുവന്ന കര്‍ഷക-ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളിലും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിലും നിന്നുകൂടിയാണ് ഭരണഘടനാനിര്‍മാണ സഭയിലേക്ക് ഈ മൂല്യങ്ങള്‍ കടന്നുവന്നത്. വെസ്റ്റ് മിന്‍സ്റ്റര്‍ സമ്പ്രദായത്തിലുള്ള പാര്‍ലമെന്ററി ജനാധിപത്യമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍, അധികാര വികേന്ദ്രീകരണത്തിനും സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങള്‍ക്കും വേണ്ടി സുദീര്‍ഘമായ സംവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണ സഭകള്‍ക്കും കോടതികള്‍ക്കും അവരവരുടേതായ പങ്കുണ്ട്.

ഭരണഘടനാഭേദഗതികള്‍ പൗരാവകാശങ്ങളെ വെട്ടിച്ചുരുക്കുന്നതിലേക്ക് നീങ്ങിയപ്പോള്‍ കോടതി മുഖാന്തരം അതിനെതിരെ ശക്തമായ നിയമയുദ്ധം നടത്തിയതിന്റെ രേഖ ഇന്നും എ.കെ ഗോപാലന്‍ വെഴ്‌സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന വിധിന്യായത്തിലൂടെ നിയമവിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കരുതല്‍ തടങ്കലിലൂടെ പൗരാവകാശ ലംഘനം നടത്തുന്നതിനെതിരെയായിരുന്നു ആ നിയമ പോരാട്ടം. അന്ന് ഭൂരിപക്ഷ വിധി എതിരായിരുന്നുവെങ്കിലും അഞ്ച് ദശാബ്ദങ്ങള്‍ക്കുശേഷം സുപ്രീംകോടതി അന്നത്തെ ന്യൂനപക്ഷ വിധിയായിരുന്നു ശരി എന്നു പറയുകയുണ്ടായി.

ജനാധിപത്യ സംവിധാനങ്ങള്‍ അതേപടി നിലനിര്‍ത്തുന്നതിനുവേണ്ടി വീണ്ടും നിയമയുദ്ധങ്ങള്‍ പരമോന്നത കോടതിക്കുമുമ്പാകെ ഉണ്ടായിട്ടുണ്ട്. ഇതില്‍ എടുത്തുപറയേണ്ട നിയമയുദ്ധമാണ് ജീവിക്കാനുള്ള അവകാശം (ഞശഴവ േീേ ഘശളല മിറ ഘശയലേൃ്യ) ഉറപ്പാക്കാന്‍വേണ്ടി നടന്ന എ.ഡി.എം ജബല്‍പൂര്‍ വെഴ്‌സസ് ശിവകാന്ത് ശുക്ല എന്ന കേസ്. അടിയന്തരാവസ്ഥയുടെ നാളുകളിലാണ് ഈ കേസിന്റെ വിധി വന്നത്. ജീവിക്കാനുള്ള അവകാശം പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുള്ള അടിയന്തരാവസ്ഥയില്‍ നിലനില്‍ക്കില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി. ഈ ഭൂരിപക്ഷ വിധിയും ശരിയായിരുന്നില്ല എന്ന് പിന്നീട് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ജീവിക്കാനുള്ള അവകാശം അടിയന്തിരാവസ്ഥയില്‍പോലും നിഷേധിക്കാന്‍ കഴിയില്ല എന്ന ഭരണഘടനാഭേദഗതിയും പില്‍ക്കാലത്തുണ്ടായി.

ഭരണഘടനാമൂല്യങ്ങളെ നിലനിര്‍ത്താന്‍ ധാരാളം ബഹുജന സമരങ്ങള്‍ ഇന്ത്യ ഒട്ടാകെ നടന്നിട്ടുണ്ട്. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ (ഉശൃലരശേ്‌ല ജൃശിരശുഹല െീള ടമേലേ ജീഹശര്യ) പറഞ്ഞിട്ടുള്ള സാമ്പത്തിക സമത്വത്തിനും അധികാര വികേന്ദ്രീകരണത്തിനും ശാസ്ത്രബോധത്തിനും പരിസ്ഥിതി അവബോധത്തിനുംവേണ്ടി നിരവധി സമരങ്ങളും കൂട്ടായ്മകളും നടന്നിട്ടുണ്ട്. മൗലികാവകാശമായ ജാതിവിവേചനമില്ലായ്മക്കു വേണ്ടിയും ചെറുതും വലുതുമായ ധാരാളം പോരാട്ടങ്ങള്‍ ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു. നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്ന ഈ വേളയില്‍പോലും ഭരണഘടനാമൂല്യങ്ങളെയും ഭരണഘടനയുടെ അന്തഃസത്തയെയും ഉയര്‍ത്തിപ്പിടിക്കുന്നതിന് പല രീതിയിലുള്ള സംവാദങ്ങളും സമരങ്ങളും നടക്കുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള 356-ാം വകുപ്പിനെ ദുരുപയോഗം ചെയ്തതു ഓര്‍മിക്കേണ്ടതുണ്ട്. ഇതിനെല്ലാമെതിരെയുള്ള പോരാട്ടത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും മാധ്യമങ്ങളും തങ്ങളുടേതായ പങ്കു വഹിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായി ചില സംരക്ഷണ കവചങ്ങള്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഒരുക്കിയിട്ടുമുണ്ട്.

ജനാധിപത്യം സാമ്പത്തിക സമത്വത്തിനും ലിംഗനീതിക്കും ജാതിവിവേചനമില്ലായ്മക്കും ശാസ്ത്ര അവബോധത്തിനും വേണ്ടിയുള്ള പാതയില്‍ ഏറെ മുന്നേറേണ്ടതുണ്ട്. ഭരണഘടനാമൂല്യങ്ങളുടെ പ്രചാരണവും അതിന്റെ ഉള്‍ക്കൊള്ളലും ഈ മുന്നേറ്റത്തിന് ഏറെ സഹായകരമാകുന്ന ഒന്നാണ്. മത വികാരങ്ങള്‍ ഇളക്കിവിടുന്ന രാഷ്ട്രീയവും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ നമ്മള്‍ ജനങ്ങള്‍ നമുക്കുവേണ്ടി നല്‍കിയ ഭരണഘടനയെ അതിന്റെ അന്തഃസത്ത പോകാതെ സംരക്ഷിക്കുന്നതിനുള്ള ചുമതല ഓരോ പൗരനും മുമ്പ് എന്നത്തെക്കാളും ഈ കാലത്ത് ഉണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല. അതിനുള്ള ശക്തി പകരുന്നതാകട്ടെ ഈ ഭരണഘടനാദിനം.

ഭരണഘടന അതിന്റെ ആമുഖത്തില്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച ചില അടിസ്ഥാന മൂല്യങ്ങളുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവയാണവ. ഇവയെല്ലാം നമ്മുടെ റിപ്പബ്ലിക്കിന്റെ വിശേഷണങ്ങളായാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, ഇത് ആ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിന് ഭരണഘടനാസ്ഥാപനങ്ങള്‍ക്കുവരെ എപ്പോഴും കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്. ‘മതേതര റിപ്പബ്ലിക്’ എന്ന് ഭരണഘടനതന്നെ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കെ വര്‍ഗീയ ശക്തികളെയും മതനിരപേക്ഷ ശക്തികളെയും ഒരേപോലെ കണ്ടുകൂടാത്തതാണ്. മതേതര ശക്തികളെ വര്‍ഗീയ ശക്തികളോട് താരതമ്യപ്പെടുത്തുന്നതുതന്നെ ഭരണഘടനാവിരുദ്ധമാണ്. മതനിരപേക്ഷതയെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിനെ തകര്‍ക്കുകയും രാഷ്ട്രത്തെ ഛിദ്രീകരിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയതയെ ഭരണഘടനാവിരുദ്ധമായി തന്നെയാണ് കാണേണ്ടത്. എന്നാല്‍, അതിനു കഴിയുന്നുണ്ടോ?

‘സോഷ്യലിസ്റ്റ് എന്ന സങ്കല്‍പമാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. അപ്പോള്‍ സോഷ്യലിസ്റ്റ് സങ്കല്‍പത്തില്‍നിന്നുള്ള പുറംതിരിഞ്ഞുപോകലുകളെ, പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കുന്ന നീക്കങ്ങളെ ഭരണഘടനാനുസൃതമായ നടപടിയായി കാണാനാവുമോ? മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ഉദാരവത്കരണ, ആഗോളവത്കരണ, സ്വകാര്യവത്കരണ നയങ്ങളെ ഈ സോഷ്യലിസ്റ്റ് സങ്കല്‍പത്തിന്റെ വീക്ഷണത്തില്‍ എങ്ങനെ ഭരണഘടനാനുസൃതമെന്നു കാണാനാവും? ‘ജനാധിപത്യ റിപ്പബ്ലിക്’ എന്ന് അഭിമാനപൂര്‍വം നാം വിശേഷിപ്പിക്കുമ്പോഴും ജനാധിപത്യത്തിന്റെ ഹത്യകള്‍ ഇവിടെ അങ്ങിങ്ങായി നടക്കുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ 356-ാം വകുപ്പ് ഉപയോഗിച്ച് പുറത്താക്കിയതിന്റെ എത്ര ദൃഷ്ടാന്തങ്ങളാണ് മുമ്പിലുള്ളത്. സഭാതലത്തില്‍ തെളിയേണ്ട ഭൂരിപക്ഷത്തെ സഭക്കു പുറത്ത് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്നതും അതിന് അധികാരസ്ഥാനങ്ങള്‍ തന്നെ വഴിവെക്കുന്നതും കണ്ടുകൊണ്ടിരിക്കുന്നു. ഈ നടപടികളുടെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ ‘ജനാധിപത്യ’ എന്ന വിശേഷണം എത്രത്തോളം ചേരും എന്നതും ചിന്തനീയമാകുന്നു.

‘പരമാധികാര’ എന്നതാണ് റിപ്പബ്ലിക്കിന് ഭരണഘടന നല്‍കുന്ന മറ്റൊരു വിശേഷണം. രാഷ്ട്ര താല്‍പര്യത്തിനും ജന താല്‍പര്യത്തിനും വിരുദ്ധമായ കരാറുകള്‍ സാമ്പത്തികരംഗത്തുമുതല്‍ പ്രതിരോധ രംഗത്തുവരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവ നമ്മുടെ പരമാധികാരത്തിന് അനുഗുണമാണോ എന്നത് ചിന്തിക്കേണ്ടതുണ്ട്. സാമ്പത്തിക പരമാധികാരം നഷ്ടപ്പെട്ടാല്‍ അടുത്ത പടിയായി നഷ്ടപ്പെടുക രാഷ്ട്രീയ പരമാധികാരമാണ്. ഇത് സ്വാതന്ത്ര്യപൂര്‍വ ഘട്ടത്തില്‍ അനുഭവിച്ചറിഞ്ഞ കാര്യമാണ്. എന്നിട്ടും സാമ്പത്തിക പരമാധികാരത്തില്‍ തുടരെ വിട്ടുവീഴ്ച ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇത് എത്രത്തോളം ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്നതും ആലോചിക്കേണ്ടതുണ്ട്.

ശാസ്ത്ര യുക്തിക്ക് പരമപ്രാധാന്യമാണ് ഭരണഘടന കല്‍പിക്കുന്നത്. എന്നാല്‍, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരുന്നതും ശാസ്ത്രത്തെ ഐതിഹ്യം കൊണ്ടും ഊഹാപോഹംകൊണ്ടും പകരംവെക്കുന്നതുമായ ഒരു പ്രക്രിയ അധികാരത്തിന്റെ ആഭിമുഖ്യത്തില്‍ തന്നെ ശക്തിപ്പെടുമ്പോള്‍ ഭരണഘടനയോട് നീതിപുലര്‍ത്താന്‍ എത്രത്തോളം കഴിയുന്നു എന്ന ചിന്ത വര്‍ധിച്ച പ്രസക്തിയാര്‍ജിക്കുന്നുണ്ട്.

ജാതീയമായ ഉച്ചനീചത്വങ്ങളും സാമ്പത്തികമായ അസമത്വങ്ങളും തുടച്ചുനീക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയും ഭരണഘടനയിലെ സങ്കല്‍പങ്ങളിലേക്ക് ഉയരാനാവാതെ പോകുന്നതിന്റെ ദൃഷ്ടാന്തമായി കാണേണ്ടതുണ്ട്. ഭരണഘടനാ പിതാക്കള്‍ക്ക് മനസ്സിലൊരു സ്വപ്‌നമുണ്ടായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ സ്വപ്‌നം. അത് സാക്ഷാത്കരിക്കുന്നതില്‍ എത്രത്തോളം മുമ്പോട്ടുപോകാനായി എന്നത് ആലോചിക്കേണ്ടതുണ്ട്. അക്ഷരത്തിന്റെ കിലുക്കംപോലും അപ്രാപ്യമായ നിലയില്‍ ജനകോടികള്‍ കഴിയുമ്പോള്‍, അന്നന്നത്തെ അന്നത്തിനുപോലും വകയില്ലാതെ വലിയൊരു വിഭാഗം വിഷമിക്കുമ്പോള്‍, മനുഷ്യപദവി പോലും നിഷേധിക്കപ്പെട്ട് ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്തിന്റെ പല ഭാഗത്തും ജാതിപ്രമാണിമാരാലും ഭൂപ്രമാണിമാരാലും വര്‍ഗീയവാദികളാലും നിഷ്ഠൂരമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഭരണഘടനാസ്വപ്‌നങ്ങള്‍ എത്രത്തോളം യാഥാര്‍ത്ഥ്യമായി എന്ന ചോദ്യത്തിന് സവിശേഷമായ പ്രസക്തി കൈവരികയാണ്. ആ ചോദ്യം മുന്‍നിര്‍ത്തി സമൂഹമനസ്സില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ട്. അങ്ങനെയാണ് ഭരണഘടനാദിനത്തിന്റെ ആചരണം അര്‍ത്ഥപൂര്‍ണമാവേണ്ടത്.

SHARE