സാധാരണക്കാരുടെ മേല്‍ കുതിര കയറരുത്; പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: സാധാരണക്കാരുടെ മേല്‍ കുതിര കയറുന്നതാവരുത് പൊലീസ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ തുറന്നടിച്ചത്. ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ടത് പൊലീസാണ്. എന്നാല്‍ പൊലീസും സുരക്ഷാ ഏജന്‍സികളും ഉയര്‍ത്തുന്ന മനുഷ്യാവകാശ ലംഘനകളെ കുറിച്ചുള്ള പരാതികള്‍ രാജ്യത്താകമാനം ഉയര്‍ന്ന് വരുന്നു. വേലി തന്നെ വിളവുതിന്നുന്ന അത്തരം സമീപനങ്ങള്‍ ഒരു സമൂഹത്തിനും ഭൂഷണമല്ല.

അധികാരം പൊലീസിനെ ദുഷിപ്പിക്കരുത്. അമിതാധികാര പ്രയോഗം, അന്യായമായ തടങ്കല്‍, മൂന്നാംമുറ തുടങ്ങിയവ മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു ഭരണക്രമത്തിന് യോജിച്ചതല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി പൊലീസിനെ പൂര്‍ണമായും ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ അജണ്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE