യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടുവിചാരമില്ലാത്തവര്‍ നടത്തിയ പ്രവര്‍ത്തനമാണിത്. ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അപകീര്‍ത്തിപ്പെടുത്തിയ രണ്ട് കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ ഒരു കാര്യം ഏറ്റെടുക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊലപാതകത്തിനെ തള്ളിപ്പറഞ്ഞത്. ഇത്തരം ആളുകള്‍ക്ക് പാര്‍ട്ടിയുടെ ഒരു പരിരക്ഷയും ലഭിക്കില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊലീസുകാര്‍ക്ക് ഇതിന് വേണ്ട കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.