ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മുഖ്യമന്ത്രി; പിന്തുണയില്‍ സന്തോഷമെന്ന് ഏ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണ്‍വിളി വിവാദത്തില്‍ പി.എസ്.ആന്റണി ഏകാംഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ല. എന്നാല്‍ താന്‍ മാത്രമല്ല അത് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയില്‍ ഇന്നലെ സെക്രട്ടേറിയറ്റില്‍ മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ താന്‍ പറഞ്ഞിട്ടില്ല. അത് പോലീസിന്റെ തീരുമാനമായിരുന്നു. ആരേയും നിര്‍ബന്ധിച്ച് പ്രതികരണങ്ങള്‍ എടുക്കേണ്ടതിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങള്‍ അച്ചടക്കം പാലിക്കണമെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളെ ആരും നിയന്ത്രിക്കേണ്ടതല്ലെന്നും സ്വയം നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രിയുടെ പിന്തുണയില്‍ പ്രതികരണവുമായി ഏ.കെ ശശീന്ദ്രന്‍ എം.എല്‍.എ രംഗത്തെത്തി. പിന്തുണയില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയില്‍ ആരേയും സംശയമില്ല. പാര്‍ട്ടിക്കുമുന്നില്‍ തന്റെ നിലപാട് വിശദീകരിക്കും. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയെപ്പറ്റി ഇതുവരെ കേട്ടിട്ടില്ല. തന്നെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ശശീന്ദ്രന്‍ പറഞ്ഞു.