കെവിന്റെ മരണം: സംഭവിക്കാന്‍ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയും പിണറായി

തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതികരണവുപമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ സുരക്ഷയുമായി പൊലീസ് നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ല. തന്റെ സുരക്ഷക്ക് പ്രത്യേക പ്രോട്ടോക്കോളുണ്ട്. പൊലീസ് കാണിക്കേണ്ട ജാഗ്രത പൊലീസ് കാണിക്കണം. അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലയുള്ളതിനാലാണ് പൊലീസ് സംഭവം അന്വേഷിക്കാതിരുന്നതെന്ന ആരോപണത്തെ പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറിയാണ് പിണറായി മറുപടി നല്‍കിയത്. ചോദ്യം ചോദിച്ചത് ചാനലിന്റെ മാത്രം ആവശ്യപ്രകാരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

SHARE