‘ബൈജു ഗോപാലനെ പുറത്തിറക്കാന്‍ ശ്രമിക്കുമോ’?; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിച്ചത് വ്യക്തിപരമായ ബന്ധത്തിന്റെ പേരിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ചെയ്തതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജയിലില്‍ കിടക്കുന്ന മറ്റുള്ളവര്‍ക്കു വേണ്ടിയും നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഷാര്‍ജ സുല്‍ത്താന്‍ വന്നപ്പോള്‍ അദ്ദേഹത്തോട് അവിടെയുള്ള തടവുകാരില്‍ വിട്ടയക്കാന്‍ പറ്റുന്നവരെ വിട്ടയക്കണെമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് അനുകൂലമായ തീരുമാനം അദ്ദേഹം എടുക്കുകയും ചെയ്തു. തുഷാറിനെപ്പോലൊരാള്‍ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിലും നിയമപരമായി ചെയ്യാന്‍ പറ്റുന്ന കാര്യത്തിലും കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ പറയുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.

അതിനിടെ, ഗോകുലം ഗോപാലന്റെ മകന്റെ കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് വരട്ടെ..എന്ന് പറഞ്ഞ് ചിരിക്കുക മാത്രമായിരുന്നു പിണറായിയുടെ പ്രതികരണം. തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാളെ യു.എ.ഇക്ക് കൈമാറുകയായിരുന്നു.

രണ്ട് കോടി ദിര്‍ഹം(ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ)യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി. രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ബൈജു ഗോപാലന്‍ അല്‍ഐന്‍ ജയിലാണ് ഇപ്പോഴുള്ളത്. കേസുമായി ബന്ധപ്പെട്ട് യു.എ.ഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.