പ്രധാനമന്ത്രിയുടെ യോഗം: പിണറായി വിജയന്‍ വിട്ടുനിന്നു, മമത പങ്കെടുത്തു

ന്യൂഡല്‍ഹി: ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടു നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പിണറായി വിജയന് പകരം ചീഫ് സെക്രട്ടറി ടോം ജോസാണ് വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കുന്നത്. ഇന്നത്തെ യോഗത്തില്‍ മുഖ്യമന്തിക്ക് സംസാരിക്കാനുള്ള സമയം കിട്ടിയിട്ടില്ല. അതു കൊണ്ടാണ് ചീഫ് സെക്രട്ടറി പങ്കെടുക്കുന്നത് എന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പറയാനുള്ളത് രേഖാമൂലം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായും സൂചനയുണ്ട്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ഇന്നത്തെ യോഗത്തില്‍ സംസാരിക്കാന്‍ അവസരമില്ല. എന്നാല്‍ ഇവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വലിയ സംസ്ഥാനമായിട്ടും തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടാത്തതില്‍ മമതയ്ക്ക് പ്രതിഷേധമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മേഘാലയ, മിസോറാം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ബിഹാര്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണ് ഇന്നത്തെ വിഡീയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ അവസരം.

ഏപ്രില്‍ 15ന് പ്രഖ്യാപിക്കപ്പെട്ട രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ നീക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഡല്‍ഹി അടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.