വാസുദേവന്‍ കുപ്പാട്ട്
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം വിളയിക്കാമെന്ന സ്വപ്‌ന സുരേഷിന്റെ അതിഗൂഢ പദ്ധതി പിണറായി സര്‍ക്കാറിന്റെ പ്രതിച്ഛായാ നിര്‍മാണത്തെ തകര്‍ത്തു തരിപ്പണമാക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ സിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഐ.ടി വകുപ്പ് വഴി കയറിപ്പറ്റിയ സ്വപ്ന കോവിഡ് വൈറസിനേക്കാള്‍ വേഗത്തില്‍ പടര്‍ന്നു പന്തലിച്ചു എന്നാണല്ലോ വ്യക്തമാകുന്നത്. സര്‍ക്കാര്‍ തലത്തിലും ഭരണതലത്തിലും ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവം കത്തിപ്പടരുകയാണ്. മുഖ്യമന്ത്രി പ്രതിരോധത്തിന്റെ ദുര്‍ബലമായ വാള്‍ ചുഴറ്റി രംഗത്തുണ്ടെങ്കിലും ‘അടിയന്‍ ലച്ചിപ്പോം’ എന്ന ധര്‍മരാജാവിലെ ഡയലോഗ് പറഞ്ഞ് കൂടെ നില്‍ക്കാന്‍ ആരുമില്ല. മുഖ്യമന്ത്രിക്കുവേണ്ടി എന്തെങ്കിലും പറയാന്‍ സ.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇനിയും തയാറായിട്ടില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന വാചക ഘടനകള്‍ ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചുരുക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒറ്റക്ക് നിന്ന് ചെയ്യേണ്ട ഒരു യുദ്ധമായി സ്വര്‍ണക്കടത്ത് മാറിയിരിക്കുകയാണ്.
ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നാണ് ഘടകകക്ഷിയായ സി.പി.ഐ പറയുന്നത്. സി.പി.ഐ മുഖപത്രമായ ജനയുഗം വിഷയത്തെ വിമര്‍ശിച്ച് ശക്തമായ മുഖപ്രസംഗം എഴുതിയിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്തി എന്നതാണ് ഗൗരവതരമായ കാര്യം. ഈ സംഭവം പുകഞ്ഞുകത്തുമ്പോള്‍ മുന്‍ സര്‍ക്കാറിന്റെ കാലത്തെ കാര്യമില്ലാത്ത വിവാദം പലരുടെയും മനസ്സില്‍ എത്തുന്നുണ്ട്. സരിതാ നായരുടെ സോളാര്‍ തട്ടിപ്പ് കേസ്. അവിടെ പുറത്തുനിന്നുള്ള ഒരു സ്ത്രീയായിരുന്നു തട്ടിപ്പിന്റെ കേന്ദ്രം. ഇവിടെ അതല്ല സ്ഥിതി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തണലിലാണ് തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്.
കോവിഡ് കാലത്ത് ഇത്തരമൊരു തട്ടിപ്പ് സുഗമമായി നടത്താമെന്ന് സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ ധരിച്ചുവെച്ചിട്ടുണ്ടാവണം. ഇങ്ങനെയുള്ള തട്ടിപ്പുകാരും ഉപജാപക സംഘവും ഇടതുമുന്നണി ഭരിക്കുമ്പോള്‍ മൂക്കില്‍ നിന്ന് ശ്വാസം വിടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ തിട്ടൂരം. നാലുവര്‍ഷം മുമ്പ് അധികാരമേറ്റെടുത്ത ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞിരുന്നുവെങ്കിലും നാലാം വാര്‍ഷികം കഴിയുന്ന വേളയില്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാം തകിടം മറിച്ചു. ഐ.ടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കരന്‍ ബാഗേജ് സ്വര്‍ണക്കടത്തിന് കൂട്ടുനിന്നു എന്ന സംഭവം മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും ഉലക്കുകയാണ്. സ്വപ്നയെ അറിയില്ലെന്നും കുറ്റക്കാരിയായി കണ്ടെത്തിയപ്പോള്‍ തന്നെ പുറത്താക്കിയെന്നും മറ്റുമുള്ള ന്യായങ്ങള്‍ ഒന്നിനും പരിഹാരമാകുന്നില്ല. എം. ശിവശങ്കരനെ ഗത്യന്തരമില്ലാതെ മാറ്റിയതും മുഖ്യമന്ത്രി ക്ഷീണിച്ചു തുടങ്ങി എന്നതിന്റെ തെളിവാണ്. എന്നിട്ടും പാര്‍്ട്ടിയുടെ സഹായം മുഖ്യമന്ത്രിക്ക് കിട്ടുന്നില്ല എന്നതാണ് രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് മുഖ്യമന്ത്രി പദം ഏറ്റെടുത്തെങ്കിലും പിണറായി തന്നെയായിരുന്നു പാര്‍ട്ടിയിലെ സ്‌ട്രോങ് മാന്‍. പാര്‍ട്ടിയും ഭരണവും പിണറായിക്ക് ചുറ്റും വട്ടമിട്ടുനിന്നു. ആരെങ്കിലും പിണറായിക്കെതിരെ ഉരിയാടിയില്ല. ചുരുക്കത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാറിനെയും ഒന്നിച്ചുകൊണ്ടുപോവുകയായിരുന്നു പിണറായി. ഈ സാഹസത്തിന് വലിയ വില കൊടുക്കേണ്ടിവന്നു എന്നദ്ദേഹം ഇപ്പോള്‍ തിരിച്ചറിയുകയാണ്. ഇപ്പോള്‍ പാര്‍ട്ടി മുഖ്യമന്ത്രിയെ സഹായിക്കേണ്ടതല്ലെ എന്ന ചോദ്യം അണികള്‍ക്കടയില്‍ നിന്ന് ഉയരുന്നുണ്ടാവണം. എന്നാല്‍, ഉപ്പ്ു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന നിലാപാടാണ് പല നേതാക്കന്മാര്‍ക്കുമുള്ളത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നതു മുതല്‍ സ്വജനപക്ഷപാതത്തിന്റെയും മറ്റും കഥകള്‍ പുറത്തുവന്നിരുന്നു. മന്ത്രി ഇ.പി ജയരാജന്റെ ബന്ധുവിന് നിയമനം നല്‍കിയതായിരുന്നു ആദ്യവിവാദം. മന്ത്രി സ്ഥാനത്തുനിന്ന് ഇ.പി പിന്‍വാങ്ങിയാണ് വിവാദത്തിന് തീര്‍പ്പ് കല്‍പിച്ചത്. ഒരു സ്ത്രീയോട് ഫോണിലൂടെ എന്തോ സംസാരിച്ചതിന്റെ പേരില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ച് മാറിയതും പിണറായിയുടെ ഉഗ്രശാസനയുടെ പുറത്തായിരുന്നു. അങ്ങനെ നിരവധി അഗ്നിശുദ്ധിയുടെ കഥകള്‍ പിന്നിട്ടാണ് ഭരണം മുന്നോട്ട് പോയത്. എന്നാല്‍ ഒടുവിലത്തെ അഗ്നിശുദ്ധയില്‍ വീടാകെ കത്തിയമര്‍ന്നു എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തിനടുത്ത് സമയം ബാക്കിയുണ്ട്. കോവിഡ് ഭീഷണി കുറയുമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കും. ഇങ്ങനെ മൊ്ത്തത്തില്‍ ഒരു തെരഞ്ഞെടുപ്പ് ലഹരി ഇടതുമുന്നണിയെ ബാധിച്ചിരുന്നു എന്ന് പറയാതെ വയ്യ.ഒരു ചാനലിന്റെ അസയമത്തുള്ള സര്‍വേ പ്രകാരം ഭരണ തുടര്‍ച്ച പ്രവചിക്കുക കൂടി ചെയ്തതോടെ പിണറായിയുടെ മനസ്സില്‍ ലഡു പൊട്ടി. കാര്യങ്ങള്‍ അങ്ങനെ ശുഭാപ്തി വിശ്വാസത്തോടെ പോകുമ്പോഴാണ് ലഡുവിന് പകരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെടി പൊട്ടിയത്. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മുഖ്യമന്ത്രിയുടെ ഭാവം പാര്‍ട്ടി വിശ്വസിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. എം.എ ബേബിയെപ്പോലുള്ള സാംസ്‌കാരിക ജിഹ്വകള്‍ ഒന്നും മിണ്ടുന്നില്ല. ഡി.വൈ.എഫ്.ഐ നേതൃത്വവും സ്വരാജ് പ്രഭൃതികളും മൗനം പാലിക്കുകയാണ്. ചാനല്‍ ചര്‍ച്ചകള്‍ക്ക് പോലും പാര്‍ട്ടിക്ക് ആളെ കിട്ടാനില്ല. ആനത്തലവട്ടം ആനന്ദനെപോലുള്ള നേതാക്കള്‍ ബലിയാടായി തുടരുക തന്നെയാണ്.
ഭരണതുടര്‍ച്ച എന്ന നടക്കാത്ത സ്വപ്‌നത്തിന്റെ ചിറകിലേറി മുന്നേറിയ പിണറായിയുടെ ചിറകരിയാന്‍ ആരൊക്കെയോ മുന്നണിയിലും പാര്‍ട്ടിയിലും ആഗ്രഹിക്കുന്നുണ്ട്. അതാണ് നേതാക്കളുടെ മൗനം ലക്ഷ്യമിടുന്നത് എന്നുവേണം കരുതാന്‍. എ.കെ.ജി സെന്റര്‍ ശോകമൂകമായതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്.ആര്‍ക്കും ഒന്നും പറയാനില്ല. പ്രിയനേതാവിനെ സംരക്ഷിക്കാന്‍ ഒരു പ്രസ്താവന പോലും ആരുടെ ഭാഗത്തുനിന്നും ജനിക്കുന്നില്ല. അങ്ങനെ ഈ വര്‍ഷകാലത്ത് പാര്‍ട്ടി ആശയപരമായി കടുത്ത വരള്‍ച്ച അനുഭവിക്കുകയാണ്.
മുന്‍മുഖ്യമന്ത്രിക്കെതിരെ മൈക്ക് കെട്ടി പ്രസംഗിച്ചവര്‍ക്ക് ഇപ്പോള്‍ നാവിറങ്ങിപ്പോയിരിക്കുകയാണ്. എന്തെല്ലാം ആക്ഷേപങ്ങളായിരുന്നു അന്ന് ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊല്ലിയായിരുന്നു കിംവദന്തികള്‍ പടച്ചുവിട്ടിരുന്നത്. ഇപ്പോള്‍ എല്ലാം തിരിഞ്ഞുകുത്തുകയാണ്. കോവിഡ് വ്യാപനം തുടരുമ്പോഴും ആ മഹാമാരിയെ സര്‍ക്കാര്‍ പിടിച്ചുകെട്ടി എന്നുതന്നെയാണ് അവകാശവാദം. ആരോഗ്യമന്ത്രിയെ പോലും സംസാരിക്കാന്‍ അനുവദിക്കാതെ മുഖ്യമന്ത്രി എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. സാമൂഹിക വ്യാപനവും സമ്പര്‍ക്ക രോഗവ്യാപനവും ചര്‍ച്ചയാകുന്നതിന് ഇടെയാണ് മറ്റൊരു സാമൂഹിക വ്യാപനത്തിന്റെ കഥ പുറത്താവുന്നത്. സ്വപ്‌ന സുരേഷ് എന്ന തട്ടിപ്പുകാരിയുടെ കഥകളാണ് പുറത്തുവരുന്നത്. അങ്ങനെ അഴിമതിയുടെയും കള്ളക്കടത്തിന്റെയും പുതിയൊരു സാമൂഹിക വ്യാപനം സര്‍ക്കാറിനെ ഗ്രസിച്ചിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഘടകകക്ഷികളും പാര്‍ട്ടിയും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ എ്ത്താത്ത സാഹചര്യത്തില്‍ സാമൂഹിക വ്യാപനത്തിന്റെ പ്രഹരം കടുത്തതായിരിക്കും എന്നു മാത്രം പ്രതീക്ഷിക്കാം.