ലുഖ്മാന് മമ്പാട്
സി.പി.എമ്മുകാര്‍ക്ക് മാത്രം രാഷ്ട്രീയം പറയാന്‍ അനുവാദമുള്ള കാലമായതിനാല്‍ ചാനല്‍ അവതാരകരും സൈബര്‍ പോരാളികളുമായ വെട്ടുകിളികളെ ‘ഭയപ്പെട്ട്’ പിന്മാറുന്നു. രഹസ്യ സ്വഭാവത്തോടെ കോറന്റെയിനില്‍ കഴിയുന്ന കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് പോലും കണ്ണൂരിലെ സി.പി.എം ജില്ലാ സെക്രട്ടറി ‘സമൂഹത്തിനായി ഒറ്റപ്പെട്ട് കഴിയുന്ന താങ്കളിലെ നന്മയെ തിരിച്ചറിയുന്നു. ഒപ്പമുണ്ട് ഞങ്ങള്‍’ എന്നു മെസേജ് അയക്കുന്ന കാലമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപ്പാടെ എ.കെ.ജി സെന്ററിലേക്ക് മാറ്റി, നിരീക്ഷിക്കാന്‍ സാലറി ചാലഞ്ചായും തീവെട്ടിനികുതിയായും പിടിച്ചുപറിച്ച് ഹെലിക്കോപ്റ്ററൊക്കെ വാങ്ങുന്ന കാലത്ത് പേടിച്ചല്ലേ പറ്റൂ. രാജ്യത്ത് കൊറോണയില്‍ നമ്പര്വണ്ണായ കേരളത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദികളായ, രോഗബാധിതരുടെ പേര് മുഖ്യമന്ത്രി പിണറായി വിജയന് വെളിപ്പെടുത്തും മുമ്പ് ചില ‘വില്ലന്‍’ കഥാപാത്രങ്ങളെ പരിചയപ്പെടുത്താം.
മാര്‍ച്ച് പതിമൂന്നിന് ദുബൈയില്‍നിന്ന് വന്ന പാലക്കാട് കാരാകുറുശ്ശിയിലെ മധ്യവയസ്കന്. 14ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിനെ വിളിച്ച് വിവരമറിയിക്കുന്നു; മറുപടി വീട്ടിലിരിക്കൂ. രോഗലക്ഷണങ്ങള്‍ കണ്ടതോടെ 16നും 18നും 21നും മണ്ണാര്‍ക്കാട് താലൂക്ക് ആസ്പത്രിയിലെ കൊറോണ വാര്‍ഡ് സന്ദര്‍ശനം. രക്തസാമ്പിളെടുക്കുക പോലും ചെയ്യാതെ വീട്ടിലേക്ക് തിരിച്ചയക്കുന്നു. ഐസൊലേഷനിലൊന്നും നിര്‍ത്താതെ പറഞ്ഞുവിട്ടപ്പോള്‍ പോകാനുള്ളിടത്തൊക്കെ പോയി, കാണാനുള്ളവരെയൊക്കെ കണ്ടു. പിന്നീട്, മൂന്നാം നാള് സഹകരണ ആസ്പത്രിയിലെ ഡോക്ടറുടെ ഇടപെടലില്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നു. വീട്ടിലിരിക്കാതെ പുറത്തുപോയ അദ്ദേഹം മാത്രമാണോ കുറ്റക്കാരന്‍.
വേറൊരാള്, കൊല്ലം സ്വദേശി. വിമാനത്താവളത്തില്‍ വരുന്നവരെ സര്‍ക്കാര്‍ വാഹനത്തില്‍ വീടുകളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ശേഷമാണ്. 18നു ദുബായില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍. അവിടെ നിന്ന് ബസില്‍ കൊല്ലത്തേക്ക്. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പ്രാക്കുളത്തെ വീട്ടിലെത്തി. ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുന്നു. അവരുടെ നിര്‍ദേശ പ്രകാരം ഗൃഹനിരീക്ഷണത്തില്‍. ആറാം ദിനം 25നു രാത്രി പനി തോന്നിയതോടെ സുഹൃത്തിന്റെ ബൈക്കില്‍ രാത്രി 11 മണിയോടെ അഞ്ചാലുംമൂട്ടിലെ പി.എന്‍.എന്‍.എം ആസ്പ്രതിയിലെത്തുന്നു. ജില്ലാ ആസ്പ്രതിയില്‍ പോകാന്‍ നിര്‍ദേശം. ഭാര്യാ സഹോദരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സ്കൂട്ടറില്‍ വീട്ടിലേക്ക്. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് രാത്രി 11.30 നു ജില്ലാ ആസ്പത്രിയിലേക്ക്. പരിശോധനക്ക് സ്രവം ശേഖരിച്ച് പുലര്‍ച്ചെ 3.30ന് വീട്ടിലേക്ക് പറഞ്ഞുവിടുന്നു. രണ്ടാം നാള് കോവിഡ് സ്ഥിരീകരിച്ചു. 18ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയതുമുതല്‍ 28ന് രോഗം സ്ഥിരീകരിക്കുന്നതുവരെയുള്ള റൂട്ട്മാപ്പ് വായിച്ച ശേഷം പറയൂ. ആരാണ് കുറ്റവാളി; സര്‍ക്കാറോ രോഗം ബാധിച്ച ആ പാവമോ. (നിയമസഭയിലെ ആരോഗ്യ മന്ത്രിയുടെ സൂത്രത്തില്‍ രക്ഷപ്പെടലിന് ശേഷം) മാര്‍ച്ച് 10ന് ഇറ്റലിയില്‍ നിന്നു വന്ന തിരുവനന്തപുരം വെള്ളനാട് സ്വദേശിയെ ഉള്‍പ്പെടെ പലരെയും വീട്ടിലേക്കാണ് പറഞ്ഞുവിട്ടിരുന്നത്.
ഇനി പേരുവെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി അപമാനിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ്സ് നേതാവ് ഉസ്മാന്റെ കാര്യമെടുത്താലോ. വിദേശത്തു പോകുകയോ വിദേശികളുമായി ഇടപഴകുകയോ ചെയ്യാത്ത വ്യക്തി. ഏകാധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ മറ്റേതൊരു പൊതുപ്രവര്‍ത്തകനെയും പോലെ നാട്ടുകവല മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ വിവിധയിടങ്ങളില്‍ സഞ്ചരിച്ചു. പനി വന്നപ്പോള്‍ ആസ്പത്രിയിലെത്തി ഡോക്ടറെ കണ്ടു. സ്വയം ഗൃഹനിരീക്ഷണത്തില്‍ പോയി. പരിശോധനത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. ബസ്സില്‍ നിന്നോ ട്രെയിനില്‍ നിന്നോ മറ്റു അറിയാത്ത എവിടെയോ നിന്നോ രോഗം പകര്‍ന്നതാവാം. അതിന് അദ്ദേഹം എന്തുപിഴച്ചു. മുന്‍ എം.പിയും മുന്‍ കോഴിക്കോട് മേയറുമായ സി.പി.എം നേതാവായ എ.കെ പ്രേമജത്തിന്റെ മകനെപ്പോലെ ഗൃഹനിരീക്ഷണത്തില്‍ നിന്ന് ചാടിയതൊന്നുമല്ല, ഉസ്മാന്. ആരെയും പോലെ രോഗമില്ലാത്ത സാധാരണക്കാരന്. പിന്നീട്, ഉസ്മാന്റെ രണ്ടു പരിശോധനാ ഫലവും നെഗറ്റീവായി. ആദ്യഫലം തെറ്റായതിനാലാണോ അതോ രോഗം ഭേദമായതിനാലാണോ എന്നൊന്നും ഉറപ്പില്ല. പ്രളയകാലത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ഉസ്മാനെ ക്രൂശിക്കുന്നവര്‍ ചെയ്തതോ.
വിമാനത്താവളത്തില്‍ വരുന്നവരെ പ്രത്യേക കേന്ദ്രത്തില്‍ ക്വാറന്റെയിനില്‍ താമസിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പോലും ഇതുവരെ പാലിച്ചിട്ടില്ല. തമിഴ്നാടുള്‍പ്പെടെ ഈ മാതൃക സ്വീകരിച്ചപ്പോള്‍ അതിനോട് മുഖം തിരിച്ച കൂട്ടത്തിലാണ് കേരളവും. ഒരാള്‍ വിദേശത്ത് നിന്ന് വീട്ടിലെത്തിയാല്‍ ആ കുടുബം ഒന്നാകെ കോറന്റെയിനിലാവുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്വകാര്യമായി നമ്പര്‍ ചോര്‍ത്തി നല്കി സി.പി.എം നേതാക്കള്‍ മെസേജും വിളിയുമായി പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ നിര്‍ത്തുന്നതുപോലെയല്ല കാര്യങ്ങള്‍. ലോക്ഡൗണിന് മുമ്പത്തെ പോലെ അതു കഴിഞ്ഞാലും അത്തരം വീട്ടുകാര്‍ക്ക് പുറത്തിറങ്ങാനാവില്ല. വിദേശത്ത് നിന്ന് വരുന്നവരെ ക്വാറന്റെയിനില്‍ താമസിപ്പിക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ പ്രൈവറ്റ് മെഡിക്കല്‍ കോളജുകളുടെ ഹോസ്റ്റലുകളിലെ 5000 സിംഗിള്‍ മുറികളും തിരൂരങ്ങാടി യതീംഖാനയും പി.എ ഇബ്രാഹീംഹാജിയുടെ ഹോട്ടലും ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ആവശ്യമായത് ലഭ്യമാണ്. എല്ലാ ജില്ലകളിലും കലക്ടര്‍മാര്‍ ആവശ്യമായ സംവിധാനം ഉറപ്പാക്കിയിട്ടും അതിനു പോലും തുനിഞ്ഞിട്ടില്ല. ബ്രിട്ടീഷ് പൗരന്മാര് റിസോട്ടില്‍ നിന്നും വീട്ടിലെ കോറന്റെയിനില്‍ നിന്ന് അമേരിക്കയിലേക്ക് രക്ഷപ്പെട്ടു പോയിട്ടും ഉണരാന്‍ സര്‍ക്കാറിനായില്ല.
വിഴ്ചകളെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സാമൂഹ്യമാധ്യമങ്ങളില്‍ അവഹേളിച്ചാല്‍ തീരുന്നതാണോ സര്‍ക്കാറിനേറ്റ വൈറസ് ബാധ. മറവി രോഗമുള്ള, മദ്യപാനിയായ ഐ.എ.എസ് ഡോക്ടറെ ആരോഗ്യവകുപ്പിലെടുത്ത് മദ്യാസക്തരെയും മറവിരോഗികളെയും താലോലിക്കുമ്പോഴും മറക്കാന്‍ പാടില്ലാത്തതാണ് പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍. നിയസഭ നടക്കുമ്പോഴാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 26ന് ഒരുത്തരവിറക്കുന്നു. സിങ്കപ്പൂര്‍, കൊറിയ, ഇറാന്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ നിരീക്ഷിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 29ന് ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ തടഞ്ഞുപരിശോധിക്കുകയോ കോറന്റെയിനിലേക്ക് മാറ്റുകയോ ചെയ്തില്ലെന്നു മാത്രമല്ല, അവര്‍ സൂത്രത്തില്‍ രക്ഷപ്പെട്ടു എന്നു ആ പ്രവാസികളെ നിയമസഭയില്‍ പോലും സര്‍ക്കാര്‍ അവഹേളിച്ചു. രോഗം മാറിയ ശേഷമുള്ള സന്തോഷ പ്രതികരണത്തിലും ആ വേദന അവര്‍ പങ്കുവെച്ചു.
ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച ഉണ്ടാവരുതെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവും ഉപനേതാവും കാര്യകാരണ സഹിതം ചൂണ്ടിക്കാണിച്ചപ്പോള്‍ താനൊറ്റക്ക് മതിയെന്നും ശരിയായ രീതിയിലാണ് എല്ലാം ചെയ്യുന്നതെന്നുമായിരുന്നല്ലോ ആരോഗ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണം. മുമ്പ് കോഴിക്കോട്ട് നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ തലേന്ന് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ഡോ.അനൂപ് കുമാറുമായി നിപ്പ പ്രതിരോധത്തിനുള്ള സാധ്യതകളെ കുറിച്ച് ജനപ്രതിനിധി എന്നതിനപ്പുറം ഒരു ഡോക്ടര്‍ എന്ന നിലയില്‍ സംസാരിക്കുന്ന ഡോ.എം.കെ മുനീറിന്റെ മുഖമുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ എം.കെ രാഘവന്റെ ഇടപെടലില്‍ കൊല്‍ക്കത്തയില്‍ നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് പരിചയമുള്ള കേന്ദ്ര സംഘത്തെ കോഴിക്കോട്ടേക്ക് അടിയന്തരമായി എത്തിച്ച ശേഷമാണ് നിപ്പയെ വരുതിയില്‍ നിര്‍ത്താനുള്ള മാസ്റ്റര്‍പ്ലാന്‍ പോലും ഉരുത്തിരിഞ്ഞത്. കട്ടസഖാവായ ആശിഖ് അബുവിന്റെ പരമാവധി ബൂസ്റ്റ് ചെയ്ത വൈറസ് സിനിമയില്‍ പോലും ആരോഗ്യമന്ത്രിയുടെ റോളിനപ്പുറം വലിയ പങ്കൊന്നും കെ.കെ ശൈലജക്ക് നിപ്പ ക്രൈസിസ് മാനേജ്മെന്റിലില്ല.
അതിജീവന ശേഷം കേന്ദ്ര ആരോഗ്യ സംഘത്തെയും എം.കെ രാഘവനെയും എം.കെ മുനീറിനെയും മാത്രമല്ല, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജീവന്‍പണയം വെച്ച് ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെയും പിന്‍കാലുകൊണ്ട് തട്ടി ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള വ്യഗ്രതയായിരുന്നു അവര്‍ക്ക്.
നിപ്പകാലത്തെ പ്രതിരോധിച്ച അതേ കരുതലോടെ ഡോ.എം.കെ മുനീര്‍ നിയമസഭയില്‍ ഉന്നയിച്ച പ്രധാന ആശങ്കകള്‍ രണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്ക് പകരം ആരോഗ്യവകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനക്ക് നിയോഗിച്ചാല്‍ അതു ഫലപ്രദമാകുമോ, വേണ്ടത്ര സുരക്ഷയില്ലാതെ നിയോഗിക്കപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രോഗം പകരില്ലേ. സങ്കടകരമെന്ന് പറയട്ടെ, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒരു ആരോഗ്യ പ്രവര്ത്തകന് കോവിഡ് ബാധിച്ചിരിക്കുന്നു. ആ ആരോഗ്യ പ്രവര്‍ത്തകന്റെ പേരു വെളിപ്പെടുത്തും മുമ്പ് ആരാണ് അതിനു ഉത്തരവാദിയെന്ന് മുഖ്യമന്ത്രി പറയുമോ.
സ്കൂളുകളും കോളജുകളും ഓഫീസുകളും ആരാധനാലയങ്ങളും ഉള്‍പ്പെടെ മദ്യഷാപ്പുകള്‍ ഒഴികെയുള്ള പൊതുജന സാനിധ്യമുള്ള എല്ലാം അവധിയാക്കിയപ്പോള് എസ്.എസ്.എല്‍.സി-യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിക്ക് കാസര്‍ക്കോട്ട് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ സ്കൂളിലെയും വിശിഷ്യാ ക്ലാസിലെയും കുട്ടികളും അധ്യാപകരുമെല്ലാം തീതിന്നുന്നു. ഇതിന് കാരണക്കാരായവരുടെ പേരും മുഖ്യമന്ത്രി വെളിപ്പെടുത്തുമായിരിക്കും. വൈകിട്ട് ആറിനുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളന മെഗാപ്രസംഗം തീരുന്നതോടെ മുന്നിലിരിക്കുന്നവരുടെ ഭവ്യതയോടെയുള്ള സംശയ ദൂരീകരണത്തിനിടയില് ഗൗരവപ്പെട്ട ഇത്തരമൊരു ചോദ്യമെറിഞ്ഞാലോ. ഉത്തരമില്ല; ദീര്‍ഘമായ ചിരി. പിന്നെ, ഭക്തരുടെ സോഷ്യല്‍ മീഡിയയില്‍ തള്ളിമറിയല്. ‘ആ ചിരിയില്‍ എന്തൊരു ആത്മവിശ്വാസം…’.
മാര്‍ച്ച് 23ന് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഒരു കത്തയക്കുന്നു. കോവിഡ് പശ്ചാതലത്തില്‍ പക്ഷി-മൃഗാദികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ‘മോസ്റ്റ് അര്ജന്റ്’ നിര്‍ദേശം. രണ്ടാംനാള്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളന പ്രസംഗം. ”കാവുകളില്‍ ഭക്ഷണം ലഭിക്കാതെ കുരങ്ങുകള്‍ അക്രമാസക്തമാകുന്നു; അമ്പല കമ്മിറ്റിക്കാര് ഇക്കാര്യം ശ്രദ്ധിക്കണം. തെരുവുകളില്‍ ഭക്ഷണം കിട്ടാതെ തെരുവ് നായ്ക്കള്‍ അവശമാവുന്നു; പഞ്ചായത്തുകള്‍ ശ്രദ്ധിക്കണം. കുടിവെള്ളം ലഭിക്കാതെ പൊലീസുകാര്‍ തളരുന്നു; ജനങ്ങള്‍ വെള്ളം നല്‍കണം”. ഉടന്‍ തള്ളുകാര്; ഹെന്താ കരുതല്‍. ‘ഈ ഹെഡ്മാസ്റ്ററും ആ ടീച്ചറമ്മയും ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു.’
അമ്പലകമ്മറ്റിക്കാരും പള്ളിക്കമ്മറ്റിക്കാരും നാട്ടുകാരും പട്ടിക്കും കുരങ്ങിനും ഭക്ഷണവും വെള്ളവും കൊടുക്കുന്നത് നല്ലതു തന്നെ. പക്ഷെ, സാലറി ചലഞ്ചായി കോടികള്‍ കോവിഡിന്റെ പേരിലും സ്വരൂപിക്കുന്ന സര്‍ക്കാറിന് പ്രസ്താവനക്കപ്പുറം ഒരു ബാധ്യതയുമില്ലെ. ടീച്ചറമ്മയുടെ അര ലക്ഷത്തിന്റെ കണ്ണട മുതലുള്ള ഭൂമിയിലെ ധൂര്‍ത്ത് പോരാഞ്ഞ് ഹെലിക്കോപ്റ്റര്‍ വാങ്ങിയും പണം തുലക്കാന്‍ ഉപദേശിക്കുന്നവര്ക്കുള്ള ശമ്പളത്തിന്റെ ലക്ഷങ്ങളും പൊതു ഖജനാവില്‍ നിന്നു തന്നെ. ഇത്തവണ സാലറി മുടങ്ങിയാലെന്ത് ആകാശത്ത് വട്ടമിട്ട് പറക്കാമല്ലോ. തലങ്ങും വിലങ്ങും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പരസ്യമായി തള്ളുന്ന ‘കമ്മ്യൂണിറ്റി കിച്ചണ്‍’ മാത്രമെടുത്താല്‍ മതി വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ബോധ്യപ്പെടാന്‍. സൗജന്യ സേവനം ചെയ്യുന്നവരെ വിലക്കി എത്രയോ ഭക്ഷണ പൊതികള്‍ തട്ടിതാഴെയിട്ടാണ്, പണമൊന്നും അനുവദിക്കാതെ സംസ്ഥാന സര്‍ക്കാറിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ പെരുമ്പറ. 2015ല്‍ ഡോ.എം.കെ മുനീര്‍ സാമൂഹ്യനീതി മന്ത്രിയായിരിക്കെ ആരംഭിച്ച വിശ്വാത്തര കീര്‍ത്തിനേടിയ ‘അട്ടപ്പാടി അന്നപ്രഭായിനി-സമൂഹ അടുക്കള’യില്‍ നിന്ന് കടമെടുത്ത കമ്മ്യൂണിറ്റി കിച്ചണ്‍ ആശയം അന്നംമുടക്കുന്ന അവസ്ഥയിലേക്കെത്താതിരിക്കാനുള്ള ബാധ്യതയും ജനങ്ങള്‍ക്കാണ്.
കള്ളക്കണക്കിനെ കുപ്പായമിട്ടിരുത്തിയ 20,000 കോടിയുടെ കോവിഡ് പാക്കേജിനെ കുറിച്ച് കോടികള്‍ മുടക്കി ചാനലായ ചാനലൊക്കെ സുദീര്‍ഘ ഡോക്യുമെന്ററികള്‍ വരുന്നതില്‍ ജനത്തിന് എന്തുകാര്യം. പ്രഖ്യാപനത്തിന് പുറത്ത് പത്തുനാള്‍ അടയിരുന്ന ശേഷം, കോവിഡ് കാലത്തേക്ക് കേന്ദ്രം പ്രഖ്യാപിച്ച അരി വാങ്ങിയിട്ടും ബി.പി.എല്ലുകാര്‍ക്ക് ഒരു മണി അധികം നല്‍കുന്നില്ല. സൗജന്യ അരി സ്വീകരിക്കാന്‍ എത്ര എ.പി.എല്ലുകാര് വരുമെന്ന് എല്ലാവര്‍ക്കുമറിയാം. ക്ഷേമ പെന്ഷന് രണ്ടു മാസം കൊടുക്കുന്നുവെന്ന് ആഘോഷമാക്കുന്നവര്‍ക്കും അറിയാം ആറു മാസം കുടിശ്ശികയാണതെന്ന്. 2015 ഏപ്രിലില്‍ ക്ഷേമപെന്ഷന് വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത ശേഷം 14 മാസം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു. 13 തവണയും മുടക്കമില്ലാതെ അദ്ദേഹം പെന്ഷന് വിതരണം ചെയ്തു. തുടര്‍ന്ന് വന്ന പിണറായി 46 മാസം ഭരിച്ചപ്പോള്‍ 13 തവണ മാത്രമാണ് പെന്ഷന് കൊടുത്തത്. ആറുമാസം കൊടുക്കാതെ അതില്‍ നിന്ന് രണ്ടു മാസത്തെ പെന്ഷന് കൊടുക്കുന്നത് കോവിഡ് പാക്കാജിലെ ഔദാര്യമാണത്രെ. ഇതും പി.ഡബ്ല്യു.ഡി കോണ്ടാക്ടര്മാര്ക്കുള്ള കുടിശ്ശികയിലെ 14000 കോടിയും ഉള്‍പ്പെടുത്തി 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് പരസ്യം നല്കി പ്രചരിപ്പിക്കാന്‍ എത്രകോടിയാണ് ചെലവഴിക്കുന്നതെന്ന് പണം വാങ്ങാതെ പി.ആര് വര്‍ക്കു ചെയ്യുന്നവരെങ്കിലും ഒരുവട്ടം ആലോചിക്കുന്നത് നല്ലതാണ്. (ചന്ദ്രിക എഡിറ്റ് പേജ്; 2020 മാര്‍ച്ച് 2)