വായനോത്സവവും രാഷ്ട്രീയവല്‍ക്കരിക്കുന്നു: കുട്ടികള്‍ക്ക് വായിക്കാന്‍ പിണറായിയുടെ ‘ശബരിമല നവോത്ഥാനം’

കോഴിക്കോട്: ഇന്ന് ആരംഭിക്കുന്ന വായനോത്സവത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകം തെരഞ്ഞെടുത്തതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നു. പിണറായിയുടെ നവോത്ഥാനം, ശബരിമല, മതനിരപേക്ഷത എന്ന പുസ്തകമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. സി.പി. എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണന്‍ എഡിറ്റിങ് നിര്‍വഹിച്ച് പ്രോഗ്രസ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാട് പച്ചയായി സാധൂകരിക്കുന്ന പുസ്തകമാണിത്. പിണറായി വിജയന്‍ സി.പി. എം സെക്രട്ടറിയായിരിക്കെ ഡി.വൈ.എഫ്. ഐ മുഖപ്രസിദ്ധീകരണമായ യുവധാരയുടെ എഡിറ്ററായിരുന്ന ഗുലാബ്ജാന്‍ നടത്തിയ അഭിമുഖം അടക്കം ഒമ്പത് ലേഖനങ്ങളാണ് ഇതിലുള്ളത്. പുസ്തകത്തിലെ മറ്റു ലേഖനങ്ങളെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി തയ്യാറാക്കിയതാണ്.
ആരാണ് ഇത്തരം പുസ്തകങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി തെരഞ്ഞെടുക്കുന്നത് എന്നറിയില്ലെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. കുട്ടികളുടെ സര്‍ഗവൈഭവത്തെയും വായനയോടുള്ള അഭിരുചിയെയും വികസിപ്പിക്കാന്‍ ഇത് ഉപകരിക്കില്ല. കുട്ടികളുടെ വായനാനിലവാരം നഷ്ടപ്പെടും. സങ്കുചിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യരുത്. ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു.
പിണറായി വിജയന്റെ പുസ്തകം വായനാവാരാചരണത്തിന് നിര്‍ദേശിച്ചത് പിണറായിയെ മഹത്വപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണെന്ന് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഇതെല്ലാം പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടാണോ എന്നറിയില്ല. എന്നാല്‍ ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഉത്തരവാദി അദ്ദേഹം മാത്രമായിരിക്കും. ഇത്തരത്തില്‍ ഒരു സ്‌പേസ് പിണറായിക്ക് നല്‍കുന്നതിന്റെ പിന്നില്‍ അപകടകരമായ അവസ്ഥയുണ്ട്. മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ക്കുള്ള ഒരു സ്ഥാനം മാത്രമാണ്. ഇത്തരത്തിലുള്ള മഹത്വവല്‍ക്കരണത്തിന്റെ ദുരിതം ദേശീയതലത്തില്‍ നാം അനുഭവിച്ചുവരികയാണ്. അതെങ്കിലും പിണറായി വിജയന്‍ ഓര്‍ക്കണമായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയെ ആരും കാണുന്നില്ല. കുട്ടികളെ പ്രചോദിപ്പിക്കാന്‍ പോന്ന എഴുത്തുകാരനാണ് അദ്ദേഹമെന്ന് ആരെങ്കിലും പറയും എന്നു തോന്നുന്നില്ല. പ്രമുഖമായി പരിഗണിക്കപ്പെടുന്ന എഴുത്തുകാരന്റെ കൃതിയായിരുന്നു മുഖ്യമന്ത്രിയുടെ കൃതിക്ക് പകരം നിര്‍ദേശിക്കേണ്ടിയിരുന്നത്. ഇപ്പോള്‍ ചെയ്തത് ഏതായാലും പരിഹാസ്യവും നീതീകരിക്കാനാവാത്തതുമാണ്. കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പുസ്തകം നിര്‍ദേശിച്ചത് ഒരിക്കലും നീതീകരിക്കാനാവില്ലെന്ന് പ്രശസ്ത കഥാകൃത്ത് യു.കെ കുമാരന്‍ പറഞ്ഞു. വായനക്ക് കുട്ടികള്‍ക്ക് നിര്‍ദേശിക്കേണ്ടിയിരുന്നത് സര്‍ഗാത്മക കൃതികളായിരുന്നു. പിണറായി വിജയന്റെ കൃതി അത്തരത്തിലുള്ളതല്ല. അതിന്റെ രാഷ്ട്രീയം വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്. കുട്ടികളുടെ വായനയിലും സ്വന്തം രാഷ്ട്രീയം കുത്തിവെക്കുന്നത് വലിയ അപരാധം തന്നെയാണ്. യു.കെ കുമാരന്‍ പറഞ്ഞു.
13 പുസ്തകങ്ങളാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വായനോത്സവത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 10 വീതം പുസ്തകങ്ങളാണ് ലൈബ്രറി കൗണ്‍സില്‍ വായനക്കായി മുന്നോട്ടുവെച്ചത്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അക്കാദമി കൗണ്‍സിലാണ് പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്. അക്കാദമിക് കൗണ്‍സില്‍ സി.പി. എം സഹയാത്രികരെക്കൊണ്ട് നിറച്ചിരിക്കുകയാണ്.

SHARE