കള്ളപ്പൊലീസിന് കഞ്ഞിവെക്കരുത്

ജനമര്‍ദകരെന്നതിലുപരി കാട്ടുകള്ളന്മാരെന്ന കറുത്ത കറകൂടി ചരിത്രത്തിലിതാദ്യമായി കേരളപൊലീസിനുമേല്‍ വന്നുവീണിരിക്കുന്നു. ഇന്ത്യയുടെ പൊലീസ്‌സേനകളില്‍ വിദ്യാസമ്പന്നരുടെ എണ്ണംകൊണ്ടും അന്വേഷണമികവ് കൊണ്ടും പേരെടുത്ത കേരള പൊലീസിനാണിപ്പോള്‍ കള്ളപ്പേര് കൂടി പേറേണ്ടിവന്നിരിക്കുന്നത്. സംസ്ഥാനപൊലീസ്‌മേധാവിയുടെ മേലാണ് ഈ കള്ളത്തരമെല്ലാം എന്നത് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെമേല്‍ മാത്രമല്ല, സംസ്ഥാനംഭരിക്കുന്ന സര്‍ക്കാരിനുമേല്‍കൂടി ഈകളങ്കം പതിച്ചിരിക്കുകയാണ്. ബുധനാഴ്ച സംസ്ഥാനനിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) സംസ്ഥാനപൊലീസിനെ സംബന്ധിച്ച പ്രവര്‍ത്തനക്ഷമതാ റിപ്പോര്‍ട്ടിലാണ് കോടിക്കണക്കിന്‌രൂപയുടെ മോഷണ-തിരിമറി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷകക്ഷികള്‍ ഇതിനകം വിഷയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തുകയും പൊലീസ്‌മേധാവിയെ മാറ്റി വിദഗ്ധഅന്വേഷണം ഉണ്ടാകണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയുമാണ്. എന്നാല്‍ പതിവുപോലെ തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന മുട്ടാപ്പോക്കുനയമാണ് ഇക്കാര്യത്തിലും മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നതെന്നത് കേരളീയരായ നമ്മെയാകെ ലജ്ജിപ്പിക്കുന്നു. ഈ സര്‍ക്കാരിനെ വിശ്വാസമില്ലാഞ്ഞിട്ടുതന്നെയാകണം, സംസ്ഥാന എ.ജി നേരിട്ട് വാര്‍ത്താസമ്മേളനംനടത്തി പൊലീസ് മേധാവിയെ നേരിട്ടുപരാമര്‍ശിച്ചുകൊണ്ട് ക്രമക്കേടുകളുടെ ചുരുളുകള്‍ പരസ്യമായി പുറത്തെടുത്തിട്ടത്.

കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതിനേക്കാള്‍ സി.എ.ജി റിപ്പോര്‍ട്ടിലെ സുപ്രധാന വെളിപ്പെടുത്തല്‍ പൊലീസിന് വാങ്ങിയ ആയുധക്കോപ്പുകള്‍ കാണാനില്ലെന്നതാണ്. തിരുവനന്തപുരം സ്‌പെഷല്‍ സായുധപൊലീസ് ക്യാമ്പില്‍ നിന്ന് 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാനില്ലെന്നാണ് സി.എ.ജിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. തൃശൂര്‍ പൊലീസ് അക്കാദമിയിലും 200 വെടിയുണ്ടകളുടെ കുറവുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. കാണാതായ വെടിയുണ്ടകള്‍ സായുധറിസര്‍വ് ബാങ്കിലേക്ക് കൊണ്ടുപോയെന്നാണ് സി.എ.ജിയോട് പൊലീസ് അറിയിച്ചതത്രെ. എന്നാല്‍ ഇതുസംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് സി.എ.ജി കുറ്റപ്പെടുത്തുന്നു. കാണാതായ വെടിയുണ്ടകളുടെ സ്ഥാനത്ത് കൃത്രിമ വെടിയുണ്ടകള്‍ അന്വേഷണസംഘത്തെ കബളിപ്പിക്കാനെന്നവണ്ണം സൂക്ഷിച്ചുവെന്ന വെളിപ്പെടുത്തലും അത്യന്തം ഗൗരവംഅര്‍ഹിക്കുന്നു.

ടെന്‍ഡറില്ലാതെ 1.10 കോടിരൂപക്ക് വി.വി.ഐപികള്‍ക്കുവേണ്ടി ബുള്ളറ്റ്പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് അഞ്ചു പൊലീസ്‌സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനത്തിന് വാഹനം ഇല്ലാതിരിക്കവെ ഡി.ജി.പിമാര്‍ക്കും അ.ഡി.ജി.പിമാര്‍ക്കുമായി ആഢംബര വാഹനങ്ങള്‍ വാങ്ങി. പൊലീസുകാര്‍ക്കും കുടുംബങ്ങള്‍ക്കും താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനായി അനുവദിച്ച തുക ഉപയോഗിച്ച് പൊലീസ് മേധാവിക്കും എ.ഡി.ജി.പിമാര്‍ക്കും ആഢംബരവില്ലകള്‍ പണിതു. ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. അത്യാധുനിക ആയുധങ്ങള്‍ക്കും പൊലീസ് അന്വേഷണസംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിനും പകരം ഇന്നും കാലപ്പഴക്കം ചെന്ന രീതിയാണ് ഉപയോഗിക്കുന്നത്. പൊലീസിന്റെ ആധുനികവല്‍കരണത്തിനായി പ്രത്യേക അക്കൗണ്ട് സൂക്ഷിക്കണമെന്ന വ്യവസ്ഥയുണ്ടായിട്ടും അത് പാലിച്ചിട്ടില്ല. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് മാനദണ്ഡം പാലിച്ചില്ല. ഫോറന്‍സിക് ലാബുകളില്‍ മതിയായ ജീവനക്കാരില്ലെന്നും സി.എ.ജി. കുറ്റപ്പെടുത്തുന്നു. മിനിറ്റില്‍ ആയിരം തവണവെടിവെക്കാന്‍ ശേഷിയുള്ളവയാണ് കാണാതായ 5.56 എം.എം ഇന്‍സാസ് തോക്കുകളെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. ഇവ കാണാതാകുക എന്നാല്‍ ഗുരുതരമായ ഭവിഷ്യത്തുകളാണ് സ്വാഭാവികമായും ആശങ്കയായി ഉയരുക. തോക്കുകള്‍ മറ്റിടത്ത് ഉണ്ടെന്നുപറഞ്ഞ് കൈകഴുകിയ പൊലീസ് പക്ഷേ വെടിയുണ്ടകള്‍ കാണാതായതിനെക്കുറിച്ച് അന്വേഷിക്കുന്നുവെന്ന് പറയുന്നത് തീയില്ലാതെ പുകയുണ്ടാവില്ലെന്നതിന്റെ സൂചനയാണ്. സി.എ.ജി റിപ്പോര്‍ട്ടിലും പിന്നീട് വാര്‍ത്താസമ്മേളനത്തിലും പൊലീസ്‌മേധാവി ലോക്‌നാഥ് ബെഹ്‌റയെ പ്രത്യേകം പരാമര്‍ശിക്കുന്നുവെന്നത് കാര്യമായി കാണേണ്ടതുണ്ട്. കേരളപൊലീസ്‌സേനയെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സ്വന്തം സേനയെപോലെ ഉപയോഗിച്ചയാളെന്ന പരാതി ബെഹ്‌റക്കെതിരെ നിലവിലുണ്ട്. പൊലീസിന്റെ പണം ചെലവഴിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാനപൊലീസ് മേധാവി ‘തുടര്‍ച്ചയായി’ ലംഘിക്കുകയായിരുന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ രാജ്യത്ത് ഒരു പൊലീസ്‌മേധാവിക്കെതിരെ ഉയരുന്നത് ഇതാദ്യമായിരിക്കും. വീടുകളില്‍ സി.സി.ടി.വി വെക്കുന്നതിന് പൊലീസ് കെല്‍ട്രോണിന് നല്‍കിയ കരാറിലും വലിയ അഴിമതി നടന്നതായും വാര്‍ത്തകളുണ്ട്.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുത്തരവാദിത്തപ്പെട്ട ഒരുസേനയുടെ മേധാവിക്കെതിരെയാണ് ഇത്രയും ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത് എന്നതിനേക്കാള്‍ ഈ നിമിഷംവരെയും അത്തരമൊരു ഉദ്യോഗസ്ഥമേധാവിയെ ഇടതുപക്ഷഭരണകൂടം വെച്ചുപൊറുപ്പിക്കുന്നുവെന്നതാണ് സത്യസന്ധരായ ഇതര ഉദ്യോഗസ്ഥരെയും മലയാളികളെയും ആകുലപ്പെടുത്തുന്നത്. അഴിമതിക്കെതിരെ വായിട്ടടിക്കുന്ന മുഖ്യമന്ത്രിയും മോദിഭക്തനെന്നാരോപണം നേരിടുന്ന പൊലീസ്‌മേധാവിയും തമ്മിലെ അന്തര്‍ധാരയാണ് ജനത്തിനിനിയും പിടികിട്ടാത്തത്. സി.പി.എമ്മുകാരായ രണ്ടുചെറുപ്പക്കാരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കേന്ദ്രഏജന്‍സിക്ക് വിട്ടുകൊടുത്തപ്പോഴും സി.എ.ജി റിപ്പോര്‍ട്ടിന്മേലും പിണറായി വിജയനിലെ ‘ബെഹ്‌റപ്രേമം’ അചഞ്ചലമായി നില്‍ക്കുകയാണ്. ആരോപങ്ങള്‍ക്കിടയില്‍ ബെഹ്‌റക്ക് വിദേശയാത്രാനുമതി നല്‍കിയതും സംശയകരമാണ്. ഡെമോക്ലസ്‌വാള്‍ പോലെ തൂങ്ങുന്ന 314 കോടിയുടെ എസ്.എന്‍.സി ലാവ്‌ലിന്‍കേസാണ് ഇതിനൊക്കെപിന്നിലെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ?
സര്‍ക്കാരിന്റെ വിവിധവകുപ്പുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും മറ്റും വരവുചെലവ് കണക്കുകള്‍ പരിശോധിച്ച് ക്രമക്കേടോ അഴിമതിയോ ഇല്ലാതെ ജനങ്ങളിലേക്ക് അവയെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഭരണഘടനയുടെ 148, 149 വകുപ്പുകള്‍ അനുവദിച്ച് രൂപീകരിക്കപ്പെട്ടതാണ് രാജ്യത്തെ അത്യുന്നത പൊതുഓഡിറ്റ് സംവിധാനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ജനറല്‍ ഓഫീസ്. സംസ്ഥാനതലങ്ങളില്‍ അക്കൗണ്ടന്റ് ജനറല്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ജനാധിപത്യത്തില്‍ തങ്ങളുടെ അധ്വാനത്തിന്റെ വിഹിതത്തില്‍നിന്ന് നികുതിപ്പണംനല്‍കുന്ന ജനതയോട് ഭരണകൂടത്തിന് ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്ന ബോധ്യത്താലാണിത്. എന്നാല്‍ അതിനെ നിസ്സാരവല്‍കരിക്കുന്ന നടപടിയാണ് പൊലീസിനെ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിന്മേല്‍ ഇടതുമുന്നണി സ്വീകരിച്ചിരിക്കുന്നത്. നിയമസഭയിലാണ് വിഷയംവന്നതെന്നും അവിടെമാത്രമേ പ്രശ്‌നം ചര്‍ച്ചചെയ്യാവൂ എന്നും ശഠിക്കുന്നവര്‍ അക്കൗണ്ടന്റ് ജനറല്‍ എസ്. സുനില്‍രാജ് നടത്തിയ വാര്‍ത്താസമ്മേളനത്തെക്കുറിച്ച് എന്തുപറയുന്നു? നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ്‌കമ്മിറ്റി വിഷയംപഠിച്ച് വേണ്ട നടപടിയെടുക്കുമെന്ന വാദം കുറ്റവാളികളുടെ രക്ഷപ്പെടലിനേവഴിവെക്കൂ. മുന്‍കാലങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ചത് ഈ നിലപാടാണോ എന്ന് അതിന്റെ നേതാക്കള്‍ വ്യക്തമാക്കണം. പൊലീസുകള്ളന് കഞ്ഞിവെക്കുന്ന സര്‍ക്കാരായി പിണറായിസര്‍ക്കാര്‍ മാറരുത്.