സിസിടിവി പരിശോധിക്കാന്‍ സിപിഎമ്മിനെ കത്തുനല്‍കി ക്ഷണിച്ച ഉമ്മന്‍ ചാണ്ടിയുടെ മാതൃക പിന്‍പറ്റാന്‍ പിണറായിക്കാവുമോ? സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി

കോഴിക്കോട്: സോളാര്‍ വിവാദ സമയത്ത് സിസിടിവി പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ ഏല്‍പിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളുടെ കാലത്ത് സെക്രട്ടേറിയറ്റിലെ സിസിടിവി ഇടമിന്നലില്‍ തകരാറിലായെന്നു പറയുന്ന ഇന്നത്തെ മുഖ്യമന്ത്രിയെയും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റിലെത്തിയ ദൃശ്യങ്ങള്‍ നീക്കം ചെയ്തെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേതുള്‍പ്പെടെ സിസിടിവികള്‍ തകരാറിലാണെന്നും ഇത് ശരിയാക്കാന്‍ 10,413 രൂപ അനുവദിച്ചതായും ഉത്തരവിറങ്ങിയത്. ഐടി വകുപ്പിന്റെ വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ തൊട്ടടുത്തുള്ള സിസിടിവി നെറ്റ്വര്‍ക്കാണ് തകരാറിലായത്.

സോളാര്‍ വിവാദകാലത്ത് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് സിപിഎം നേതൃത്വം നിരന്തരമായി ആവശ്യമുന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയില്‍ സിപിഎം സാങ്കേതിക വിദഗ്ധനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് അദ്ദേഹം കത്തും നല്‍കി. അന്ന് ഉമ്മന്‍ ചാണ്ടി സ്വീകരിച്ച മാതൃക പിണറായി വിജയന്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് ഉയരുന്ന ചോദ്യം. തകരാറിലായതാടെ ഐടി വകുപ്പില്‍ വന്നു പോകുന്നവരുടെ ദൃശ്യങ്ങളെല്ലാം ലഭ്യമല്ലാതാകും. കേസില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ തെളിവു നശിപ്പിക്കലെന്ന ആരോപണം ശക്തമാണ്.

SHARE