തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമിക്കുന്നത്? ഇതാണോ മാധ്യമ ധര്‍മമെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാന്‍ എത്ര അധ്വാനിച്ചാലും നടക്കില്ല. താന്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതിന് മാദ്ധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘വാര്‍ത്തകളെ പ്രത്യേക രീതിയില്‍ വ്യാഖ്യാനിച്ച് നാടിന്റെ ബോധം മാറ്റി ഉപചാപക സംഘത്തിന്റെ വക്താക്കളായി മാധ്യമങ്ങള്‍ മാറുകയാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത്. എന്തും വിളിച്ചുപറയാമെന്നും ഏത് നിന്ദ്യമായ നിലയും സ്വീകരിക്കാമെന്നും കരുതരുത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി കാര്യങ്ങള്‍ വരട്ടെ. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സ്വഭാവികമായി പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് അപ്പോള്‍ കാണാം. താന്‍ വെള്ളം കുടിക്കേണ്ടിവരുമെന്നാണ് കരുതന്നതെങ്കില് അത് മനസില്‍ വച്ചാല്‍ മതി’ – മുഖ്യമന്ത്രി പറഞ്ഞു.
‘ തനിക്കും തന്റെ ഓഫീസിനും ഒന്നും മറച്ചുവെക്കാനില്ല. എന്നാല്‍, മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്ത രീതി തന്നെയും തന്റെ ഓഫീസിനെയം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ്. കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന തന്നെക്കുറിച്ച് സംശയമുണ്ടാക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയത്. അതിലൊന്നും തനിക്ക് ഒരു തരത്തിലുള്ള ആശങ്കയുമില്ല. രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ടാവും. അതിന് കൂട്ടുനില്‍ക്കുകയാണോ വേണ്ടത്?- അദ്ദേഹം ചോദിച്ചു.
വാര്‍ത്താ സമ്മേളനങ്ങളില്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് മാത്രം പറയാനാണ് ശ്രമിക്കുന്നത്. ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രീയം നോക്കാതെ രംഗത്തിറങ്ങിയ പലര്‍ക്കും മനഃപ്രയാസമുണ്ടാകും. എന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് വേണ്ടത് അതാണെങ്കില്‍ അതിനും തയ്യാറാണ്. സ്വര്‍ണക്കടത്ത് കേസില്‍ താനും സര്‍ക്കാരും വ്യക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമായാണ് എം ശിവശങ്കര്‍ സസ്പെന്‍ഷനില്‍ കഴിയുന്നത്. അതില്‍ നിങ്ങള്‍ തൃപ്തരല്ല. നിങ്ങളെ ഈവഴിക്ക് പറഞ്ഞുവിട്ടവര്‍ക്കും തൃപ്തി വന്നിട്ടില്ല. അത് വരണമെങ്കില്‍ താന്‍ ഈ കസേര ഒഴിയണം. അത് നടക്കില്ല- മുഖ്യമന്ത്രി പറഞ്ഞു.
മാദ്ധ്യമങ്ങള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അതിനൊക്കെ നാളെ മറുപടി പറയാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.
അതിനിടെ, കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാദങ്ങളാണ് കഴിഞ്ഞ ദിവസം എന്‍.ഐ.എ കോടതിയില്‍ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സുരേഷിന് വന്‍ സ്വാധീനമാണ് എന്നാണ് എന്‍.ഐ.എ വാദിച്ചിരുന്നത്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കാതെ മാദ്ധ്യമങ്ങളോട് തട്ടിക്കയറിയത്.
സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ എല്ലാ ഘട്ടത്തിലും സ്വപ്ന പങ്കാളിയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സ്വര്‍ണം കടത്തിക്കൊണ്ടു വന്ന ബാഗ് കസ്റ്റ്ംസ് അധികൃതര്‍ പിടിച്ചുവച്ചപ്പോള്‍ ബാഗ് വിട്ടുകിട്ടാന്‍ സഹായം ആവശ്യപ്പെട്ട് സ്വപ്ന ശിവശങ്കറിനെ ഫ്ളാറ്റിലെത്തി കണ്ടിരുന്നു. സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്തിയത് ശിവശങ്കറാണ്- എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ പറഞ്ഞു.