സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമഴക്കുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷായ സാഹചര്യത്തിലാണ് ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. വരള്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വരള്‍ച്ച തടയാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു വിമര്‍ശനം. ഇതിന് മറുപടിയായാണ് മഴമേഘങ്ങളെ
റഡാര്‍ ഉപയോഗിച്ച് കണ്ടെത്തി കൃത്രിമമായ മഴ പെയ്യിക്കാനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. വരള്‍ച്ച നേരിടാന്‍ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയും ചെയ്തു.