ആര്‍എസ്എസ് വേദിയില്‍ ഗാന്ധിക്കൊപ്പം ഗോഡ്‌സേയുടെ ചിത്രം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ആര്‍.എസ്.എസ് ഒരുക്കിയ പരിപാടിയില്‍ ഗോഡ്‌സെയുടെ ചിത്രവും. ഗാന്ധിയുടെ തൊട്ടടുത്താണ് ഗാന്ധി ഘാതകന്റെ ചിത്രവും ഇടംപിടിച്ചത്. ചിത്രത്തില്‍ ആദ്യത്തേത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. ഭഗത് സിങ്, സര്‍ദാര്‍ വല്ലഭായ്പട്ടേല്‍, ലാലാ ലജ്പത് റായ്, സുഭാഷ് ചന്ദ്രബോസ്, താന്തിയ തോപി, റാണി ലക്ഷ്മി ഭായ്, സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്.

അതിനിടെ, ഹിന്ദുവാണ് എന്നു പറയാന്‍ മഹാത്മാഗാന്ധിക്ക് മടിയുണ്ടായിരുന്നില്ല എന്ന് ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്ഞു. ഗാന്ധി തന്നെ ഒരുപാട് തവണ അതു പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഗാന്ധി സ്മൃതി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍. ഗാന്ധി കോ സമഛ്‌നെ കാ യഹി സമയ് (ഗാന്ധിയെ മനസ്സിലാക്കാനുള്ള സമയമിതാണ്) എന്ന പേരിലാണ് ഗാന്ധിസ്മൃതി സംഘടിപ്പിച്ചത്.

ഗാന്ധിയെ കുറിച്ചുള്ള ജഗ്മോഹന്‍ സിങ് രജ്പുതിന്റെ പുസ്‌കതത്തെ അധികരിച്ചു സംസാരിക്കവെയാണ് ഭാഗവത് ഗാന്ധിയെ കുറിച്ച് സംസാരിച്ചത്.

‘ഗാന്ധിജി ഭാരതത്തിന്റെ ഭാഗ്യപഥത്തില്‍ ദീപസ്തംഭം പോലെ ഉയര്‍ന്നുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ പ്രകാശം അവിരാമമാണ്. ആ വഴിയില്‍ സഞ്ചരിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ ജീവിതത്തെ പിന്തുടരേണ്ടതുണ്ട്. സ്വന്തം ജീവിതത്തില്‍ സത്യനിഷ്ഠ പുലര്‍ത്തിയ ആളായിരുന്നു ഗാന്ധി’ അദ്ദേഹം പറഞ്ഞു.

1948 ജനുവരി 30ന് നടന്ന ഗാന്ധി വധത്തിന്റെ പേരില്‍ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് സംഘടനയെ നിരോധിച്ചത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍സംഘ് ചാലക് എം.എസ് ഗോള്‍വാര്‍ക്കര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

SHARE