ന്യൂഡല്‍ഹി: 1948 ജനുവരി 30 ന് ഗാന്ധിയെ നാഥുറാം ഗോഡ്‌സെയാല്‍ കൊലചെയ്യപ്പെടുന്നതിന് മുമ്പ് പകര്‍ത്തിയ ചിത്രങ്ങളും കൊല്ലപ്പെട്ടുകിടക്കുന്നതുമായി ‘ഗാന്ധിസ്മൃതി’യിലെ ചിത്രങ്ങളില്‍ മാറ്റം വരുത്തി ഭരണകൂടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഗാന്ധിസ്മൃതി’യിലെ സന്ദര്‍ശനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടര്‍ന്നാണ് ചുമരുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചിത്രങ്ങളില്‍ മാറ്റം വന്നിരിക്കുന്നത്.
സ്ഥലം സന്ദര്‍ശിച്ച മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാര്‍ ഗാന്ധി തന്നെയാണ് ചിത്രങ്ങളിലെ മാറ്റം ചൂണ്ടികാട്ടി രംഗത്തെത്തിയത്. രാഷ്ട്രപിതാവിന്റെ അവസാന നിമിഷങ്ങളുടെ ഫോട്ടോകളുടെ ഗാലറി ഡിജിറ്റലൈസ് ചെയ്യുകയും എല്‍ഇഡി സ്‌ക്രീനുകളില്‍ ഒരു വാചകവുമില്ലാതെ ഒരു വളരെ ചെറിയ ചിത്രങ്ങളായി പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചിരുന്നു.
ഗാന്ധി കൊലചെയ്യപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവുമായി ഇതിഹാസ ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍ പകര്‍ത്തിയ ചിത്രങ്ങളിലാണ് മാറ്റംവന്നിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഗാന്ധിജി അവസാനനാളുകള്‍ ചെലവഴിക്കുകയും രക്തസാക്ഷിയാവുകയും ചെയ്ത ഡല്‍ഹി തീസ് ജനുവരി മാര്‍ഗിലെ ബിര്‍ളഹൗസ് എന്നറിയപ്പെടുന്ന ‘ഗാന്ധിസ്മൃതി’യിലെ ചിത്രങ്ങളിലെ മാറ്റം വലിയ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്.
ഗാന്ധിവധത്തിന്റെ ചരിത്രം മായ്ച്ചുകളയാന്‍ ചരിത്രപരമായ തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് തുഷാര്‍ ഗാന്ധി ആരോപിച്ചു.
കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിനുകീഴിലുള്ള ഗാന്ധിസ്മൃതിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണെന്നും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമനുസരിച്ചാണ് ചിത്രങ്ങള്‍ നീക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, തുഷാര്‍ ഗാന്ധിയുടെ ആരോപണം സാംസ്‌കാരികമന്ത്രി പ്രഹ്ലാദ്‌സിങ് പട്ടേല്‍ തള്ളി. മഹാത്മാഗാന്ധിയുടെ അവസാന നിമിഷങ്ങളുടെ ഒറിജിനല്‍ ഫോട്ടോഗ്രാഫുകളുടെ പ്രിന്റുകളുടെ ഒരു പാനല്‍ ‘മാറ്റിസ്ഥാപിക്കുന്നതില്‍ ഒരു ചോദ്യവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രങ്ങള്‍ നിറംമങ്ങിയതിനാലാണ് അവ മാറ്റിയതെന്നും ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പെത്തി മഹാത്മ ഗാന്ധിയെ നാഥുറാം ഗോഡ്‌സെ വെടിവച്ചുകൊലപ്പെടുത്തി ബിര്‍ല ഹൗസിന്റെ ഒരു ഭാഗം പിന്നീട് മ്യൂസിയമായി മാറുകയായികുന്നു. അവിടെ ബ്രെസന്റെ ഫോട്ടോകളും മറ്റ് മെമ്മോറബിലിയകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.
എന്നാല്‍ ആറടി മുതല്‍ നാലടി വരെ വലുപ്പമുള്ള മുമ്പത്തെ ഫോട്ടോ പാനലുകളാണ് ഇപ്പോള്‍ എടുത്തുമാറ്റിയിരിക്കുന്നത്. അത് ഡിജിററലൈസ്് ചെയ്യുന്നു എന്നപേരില്‍ തീരെചെറുതാക്കുകയാണുണ്ടായത്. മൂന്നടി ആറ് ഇഞ്ചും നാലടി അഞ്ച് ഇഞ്ച് എല്‍ഇഡി സ്‌ക്രീനുകളാണ് ഇപ്പോള്‍ വച്ചിരിക്കുന്നത്.