മോര്‍ഫിങ് കേസ് മുഖ്യപ്രതി ബിബീഷ് അറസ്റ്റില്‍

കോഴിക്കോട്: വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത കേസിലെ മുഖ്യപ്രതി ബിബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി രാജമലയിലെ കാട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു ബിബീഷ്.

ബിബീഷിനെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. വടകരയിലെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിലെ വീഡിയോ എഡിറ്ററായിരുന്നു ബിബീഷ്. സ്ഥാപന ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ബീബീഷ് മോര്‍ഫിങ് നടത്തുന്നുവെന്ന് സ്ഥാപന ഉടമകള്‍ക്ക് മനസിലായിരുന്നു. എന്നിട്ടും എഡിറ്റിങ്ങില്‍ മിടുക്കനായതിനാലാണ് ബിബീഷിനെ പുറത്താക്കാതിരുന്നത്. ചോറോട് പഞ്ചായത്തിലെ ഒരു സ്ത്രീ പരാതിയുമായി രംഗത്ത് വന്നതോടെയാണ് സംഭവം പുറത്തായത്. ഇതിനെ തുടര്‍ന്ന് നാട്ടിലെ സര്‍വകക്ഷി സംഘം ഇവരുടെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോഴാണ് നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചതെടെ ബിബിഷും സ്ഥാപന ഉടമകളും ഒളിവില്‍ പോവുകയായിരുന്നു.

SHARE